ഇടുക്കിയിൽ പൊലീസുകാർക്ക് കൊവിഡ് ബാധിച്ചാൽ ചികിത്സ സ്വയം വഹിക്കണമെന്ന് വിവാദ സർക്കുലർ

By Web TeamFirst Published Jul 26, 2020, 7:20 AM IST
Highlights

പൊലീസുകാർക്ക് കൊവിഡ് ബാധിച്ചാൽ ചികിത്സ സ്വയം വഹിക്കണമെന്ന വിവാദ സർക്കുലർ, ഡിജിപിയുടെ നിർദ്ദേശം വന്നിട്ടും, പിൻലിക്കാതെ ഇടുക്കി ജില്ലാ പൊലീസ് മേധാവി. 

ഇടുക്കി: പൊലീസുകാർക്ക് കൊവിഡ് ബാധിച്ചാൽ ചികിത്സ സ്വയം വഹിക്കണമെന്ന വിവാദ സർക്കുലർ, ഡിജിപിയുടെ നിർദ്ദേശം വന്നിട്ടും, പിൻലിക്കാതെ ഇടുക്കി ജില്ലാ പൊലീസ് മേധാവി. സർക്കുലറിൽ തെറ്റില്ലെന്നും പൊലീസുകാർക്കുള്ള അവ്യക്തതകൾ തിരുത്തി നൽകിയെന്നുമാണ് വിശദീകരണം. അതേസമയം സർക്കുലർ പിൻവലിക്കാത്തതിൽ വ്യാപക അതൃപ്തിയിലാണ് ജില്ലയിലെ പൊലീസുകാർ.

പൊലീസുകാർ കൊവിഡ് ക്വാറന്‍റീനിലാകാതെ ശ്രദ്ധിക്കണമെന്ന് കാണിച്ച് രണ്ട് ദിവസം മുമ്പാണ് ഇടുക്കി ജില്ല പൊലീസ് മേധാവി ആർ കറുപ്പസ്വാമി സർക്കുലർ ഇറക്കിയത്. ജില്ലയിലെ മൂന്ന് ഡിവൈഎസ്പിമാർ മുഖേന എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഉത്തരവ് കൈമാറാനായിരുന്നു നിർദ്ദേശം. സർക്കുലർ അനുസരിച്ച് അവധിയിലും ഡ്യൂട്ടി റെസ്റ്റിലുള്ള പൊലീസുകാർ ക്വാറന്റീനിലായാൽ ചെലവ് സ്വന്തം നിലയിൽ വഹിക്കണം. 

കൂടാതെ വകുപ്പുതല നടപടിയും നേരിടേണ്ടി വരും. കൊവിഡ് കാലത്ത് സമയവും റിസ്കും നോക്കാതെ ജോലി ചെയ്യുന്ന ഇടുക്കിയിലെ പൊലീസുകാർക്കിടയിൽ വലിയ അതൃപ്തിയാണ് സർക്കുലർ സൃഷ്ടിച്ചത്. എസ്പിയുടെ സർക്കുലർ കട്ടപ്പന, തൊടുപുഴ ഡിവൈഎസ്പിമാർ എസ്എച്ച്ഒമാർക്ക് കൈമാറിയപ്പോൾ മൂന്നാർ ഡിവൈഎസ്പി വിട്ടുനിന്നു. 

സംസ്ഥാനത്തെ മറ്റൊരു ജില്ലയിലും ഇത്തരം നിർദ്ദേശമില്ല. ഈ സാഹചര്യത്തിൽ സർക്കുലറിനെതിരെ പൊലീസുമാർ ഡിജിപിയെ സമീപിച്ചു. പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരുടെ മനോവീര്യം തർക്കുന്ന നടപടികൾ എടുക്കരുതെന്ന് ഡിജിപി താക്കീത് നൽകി. എന്നാൽ ഡിജിപിയുടെ ഉത്തരവ് വന്നിട്ടും ഇടുക്കിയിലെ സർക്കുലർ പിൻവലിച്ചില്ല.

സർക്കുലറിൽ തെറ്റില്ലെന്നും അവധിയിൽ പോകുന്ന പൊലീസുകാർ അനാവശ്യ സമ്പർക്കമുണ്ടാക്കി നിരീക്ഷണത്തിൽ പോകരുതെന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എന്നുമാണ് എസ്പി ഓഫീസിൽ നിന്നുള്ള വിശദീകരണം. തെറ്റിദ്ധാരണ തിരുത്താൻ ഈ വിവരം വയർലസ് വഴി എല്ലാ സ്റ്റേഷനിലുകളിലേക്കും കൈമാറിയെന്നും അറിയിച്ചു.

click me!