തിരുവല്ലയിലെ സ്പായിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നാം പ്രതിയായ നിരണം സ്വദേശി വരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്നാണ് ഇയാളെ മൊബൈൽ ലൊക്കേഷൻ ഉപയോഗിച്ച് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

തിരുവല്ലയിലെ സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് പിടികൂടി. നിരണം സ്വദേശിയായ വരുൺ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആലുവയിൽ നിന്ന് ഇന്നലെ അർധരാത്രിയാണ് വരുൺ പിടിയിലായത്. വരുണിന്‍റെ മൊബൈൽ ലൊക്കേഷൻ കൊച്ചിയിലാണെന്ന് മനസിലാക്കി പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. നേരത്തെ സുബിൻ, ബെർലിൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ ആറ് പ്രതികളുള്ള കേസിൽ ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഒളിവിൽ പോയ ബാക്കി പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇവർ സംസ്ഥാനം വിട്ടതായും പൊലീസിന് സംശയമുണ്ട്.

YouTube video player

മറ്റ് പ്രതികൾ സംസ്ഥാനം വിട്ടു

തിരുവല്ല സ്പാ ബലാൽസംഗ കേസിൽ ഇനി പിടിയിലാകാനുള്ള പ്രതികൾ സംസ്ഥാനം വിട്ടെന്ന് സൂചന. മുഖ്യപ്രതി മരണസുബിൻ ഉൾപ്പെടെ 3 പേരെ മാത്രമാണ് ഇതുവരെ പ്രത്യേക അന്വേഷണസംഘത്തിന് പിടികൂടാനായത്. കൂട്ടബലാത്സംഗത്തിന് കേസെടുത്ത് ഒരാഴ്ച ആകുമ്പോഴും പ്രതികൾ ഒളിവിൽ തന്നെ എന്നത് പൊലീസിന് നാണക്കേടാണ്. നിലവിൽ പ്രതിപ്പട്ടികയിലുള്ള ആറു പേരിൽ മരണസുബിനും കൂട്ടാളി ബെർലിൻദാസും വരുണും മാത്രമാണ് പിടിയിലായത്. മറ്റ് 3 പേർ സംസ്ഥാനം വിട്ടെന്നാണ് നിഗമനം. അതീജീവിതയുടെ വെളിപ്പെടുത്തലിൽ പീഡനത്തിന് ഒത്താശ ചെയ്തതായി പറയുന്ന സ്പായിലെ സഹപ്രവർത്തകയെയും അവരുടെ ആൺസുഹൃത്തിനെയും ചോദ്യംചെയ്യും. കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്. സ്പായിലെ അതിക്രൂര പീഡനത്തിന് സഹപ്രവർത്തകയും ഒത്താശ ചെയ്തെന്ന് അതിജീവിത ആരോപിച്ചിരുന്നു. സ്പായിലെ ഈ ജീവനക്കാരിയുടെയും അവരുടെ ആൺസുഹൃത്തിന്‍റെയും മൊഴിയെടുക്കും. പ്രതിചേർക്കാനും സാധ്യതയുമുണ്ട്. ക്വട്ടേഷനും ഗുണ്ടാപിരിവ് നൽകാത്തതിലെ വിരോധവുമാണ് മരണസുബിനും സംഘവും കാണിച്ച അതിക്രമത്തിന് പിന്നിലെന്ന് അതിജീവിത ആരോപിച്ചിരുന്നു. അതിൽ ക്വട്ടേഷൻ ആരോപണത്തിന് ഇനിയും തെളിവ് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, തിരുവല്ല സ്റ്റേഷനിൽ സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ ഉണ്ടെന്നും ഇവർക്ക് ഗുണ്ടാബന്ധം ഉണ്ടെന്നും ആക്ഷേപം ശക്തമാണ്. വിജിലൻസ് ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.