മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കിൽ മകളെ പട്ടികജാതിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നു: കൊടിക്കുന്നിൽ

By Asianet MalayalamFirst Published Aug 28, 2021, 12:25 PM IST
Highlights

അദ്ദേഹമൊരു നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം ചെയ്തു കൊടുക്കണമായിരുന്നു. ഈ നവോത്ഥാനമൊക്കെ തട്ടിപ്പാണ്. എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാര്‍ സിപിഎമ്മിലുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിവാദ പരാമര്‍ശങ്ങളുമായി കെപിസിസി വര്‍ക്കിംഗ് പ്രസി‍ഡൻ്റും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. മുഖ്യമന്ത്രി നവോത്ഥാന നായകനായിരുന്നുവെങ്കിൽ സ്വന്തം മകളെ ഒരു പട്ടികജാതിക്കാരന് കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നുവെന്ന് കൊടിക്കുന്നിൽ പറഞ്ഞു. 

കൊടിക്കുന്നിലിൻ്റെ വാക്കുകൾ -

''പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ശബരിമല വിവാദങ്ങൾക്ക് ശേഷം അദ്ദഹം നവോത്ഥാന നായകനാണെന്നാണ് പറയുന്നത്. അദ്ദേഹമൊരു നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം ചെയ്തു കൊടുക്കണമായിരുന്നു. ഈ നവോത്ഥാനമൊക്കെ തട്ടിപ്പാണ്. എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാര്‍ സിപിഎമ്മിലുണ്ട്. പിണറായി വിജയൻ നവോത്ഥാനം പറയുന്നത് അധികാരക്കസേര ഉറപ്പിക്കാൻ വേണ്ടി മാത്രമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്നിട്ട് മന്ത്രിമാരെ തീരുമാനിച്ചത് തന്നെ കടുത്ത വിവേചനമല്ല. രാധാകൃഷ്ണൻ മന്ത്രിക്ക് ദേവസ്വം കൊടുത്ത് നവോത്ഥാനം നടത്തി എന്നാണ് പറയുന്നത്.   ദേവസ്വം വകുപ്പിൽ എന്ത് നവോത്ഥാനമാണുള്ളത്.''   

മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കൊടിക്കുന്നിൽ സുരേഷ് പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്ന് വ്യക്തമാക്കി. നവോത്ഥാനം സ്വന്തം കുടുംബത്തിൽ നടപ്പാക്കി കാണിക്കണമായിരുന്നു എന്നാണ് പറഞ്ഞത്.  ഈ വിഷയം  കേരളം നേരത്തേ ചർച്ച ചെയ്തതാണ്.  മറ്റു രീതിയിൽ അതിനെ വ്യാഖ്യാനിക്കേണ്ടതില്ല. മുഖ്യമന്ത്രിയെ നവോഥാന നായകൻ എന്നു പറയുന്നതിലെ ആത്മാർത്ഥതയെയാണ് താൻ ചോദ്യം ചെയ്തതെന്നും  കൊടിക്കുന്നിൽ വിശദീകരിച്ചു. അതേസമയം കൊടിക്കുന്നിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം രംഗത്തെത്തി. കേരളത്തെ പുറകോട്ടടിപ്പിക്കുന്ന പ്രസ്താവനയാണ് കൊടിക്കുന്നിലിൽ നിന്നുണ്ടായതെന്നും തീർത്തും അപരിഷ്കൃതമായ പ്രതികരണമാണിതെന്നും എ.എ.റഹീം പ്രതികരിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!