കോട്ടയത്തെ റബ്ബർ ബോർഡ് ക്വാർട്ടേഴ്സിൽ നടന്ന മോഷണത്തിൽ 73 പവൻ സ്വർണം നഷ്ടപ്പെട്ടു. ആളില്ലാത്ത രണ്ട് ക്വാർട്ടേഴ്സുകളിൽ നിന്നായി ഏകദേശം 80 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. ഉത്തരേന്ത്യൻ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയം

കോട്ടയം: കോട്ടയത്ത് റബ്ബർ ബോർഡിൻ്റെ ക്വാർട്ടേർസിൽ നടന്ന മോഷണത്തിൽ രണ്ട് ക്വാർട്ടേർസുകളിൽ നിന്നായി നഷ്ടപ്പെട്ടത് 73 പവൻ സ്വർണമെന്ന് വിവരം. വിപണി വില അനുസരിച്ച് ഏതാണ്ട് 80 ലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഈ സ്വർണാഭരണങ്ങൾ. കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ മോഷ്ടാക്കൾ ധരിച്ചെന്ന് കരുതുന്ന കൈയ്യുറ മാത്രമാണ് ഇവിടെ നിന്ന് ലഭിച്ച ഏക തുമ്പ്. പ്രദേശത്ത് സിസിടിവി ഇല്ലെന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു.

ആളില്ലാത്ത ക്വാർട്ടേഴ്സുകൾ ലക്ഷ്യമാക്കി ആസൂത്രണം ചെയ്ത് നടപ്പാക്കിയ മോഷണമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ രണ്ട് ക്വാർട്ടേഴ്സുകളിലും ആരും ഉണ്ടായിരുന്നില്ല. പൊലീസും ഡോഗ് സ്‌ക്വാഡും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തി.