
ശബരിമല: സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. സർക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. തീര്‍ത്ഥാടനകാലം തുടങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ ശബരമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്‍റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത് വന്നിരുന്നു. വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാൽ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുൻപ് ഉണ്ടായ അതേ രീതിയിൽ പ്രവേശനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മുൻ വർഷങ്ങളിൽ പ്രിന്‍റ് ചെയ്ത പുസ്തകം കൊടുത്തതാണെന്നു എഡിജിപി എം ആർ അജിത്കുമാർ വ്യക്തമാക്കി. കുറെ അധികം തെറ്റുകൾ ഉണ്ട്. എല്ലാം തിരുത്തി പുതിയ നിർദ്ദേശങ്ങൾ കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam