മെട്രോയിലെ ​ഗ്രാഫിറ്റി; അഹമ്മദാബാദിൽ പിടിയിലായ 4 പേരെന്ന് സംശയം; കൊച്ചി പോലീസ് അഹമ്മദാബാദിലേക്ക്

By Web TeamFirst Published Oct 4, 2022, 9:20 AM IST
Highlights

അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾ ക്ക് മുൻപാണ് ഇവർ സ്പ്രേ പെയിന്റ് കൊണ്ട് ഗ്രാഫിറ്റി ചെയ്തത്.

കൊച്ചി: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി എഴുതിയതെന്ന് സ൦ശയിക്കുന്ന പ്രതികളെ ഗുജറാത്ത് പൊലീസ് പിടികൂടി. അഹമ്മദാബാദ് മെട്രോയിൽ ഗ്രാഫിറ്റി കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് ഇറ്റാലിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്യാനായി കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലെ സിഐ യുടെ നേതൃത്വത്തിൽ അന്വേഷണസംഘം അഹമ്മദാബാദിലേക്ക് തിരിച്ചു.  ഇവരെ ചോദ്യം ചെയ്ത ശേഷം വ്യക്തത വരുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു. റെയിൽവേ ഗൂൺസ് എന്ന ഗ്രൂപ്പാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾ ക്ക് മുൻപാണ് ഇവർ സ്പ്രേ പെയിന്റ് കൊണ്ട് ഗ്രാഫിറ്റി ചെയ്തത്. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോ മുട്ട൦ യാർഡിൽ ഇവർ burn, splash എന്നീ വാക്കുകൾ ഗ്രാഫിറ്റി ചെയ്തത്. 

ബേൺ, ഫസ്റ്റ് ഹിറ്റ് ഇൻ കൊച്ചി', ഗ്രാഫിറ്റിക്ക് പിന്നിൽ രണ്ട് പേർ, ചിത്രം സിസിടിവിയിൽ

രാജ്യവ്യാപകമായി ഗ്രാഫിറ്റി വാന്‍റലിസം പ്രചരിപ്പിക്കുന്ന റെയിൽവേ ഗൂൺസ് സംഘത്തിലെ നാല് പേരാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. കഴി‍ഞ്ഞ ആഴ്ച അഹമ്മദാബാദ് മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ട് മുൻപാണ് tas എന്ന് ഗ്രാഫിറ്റി വരച്ച് ഇവർ കടന്ന് കളഞ്ഞത്. ഈ കേസിലാണ് ജാൻലുക, സാഷ, ഡാനിയേൽ, പൗലോ എന്നിവരെ അഹമ്മദാബാദിൽ ഇവർ താമസിച്ച ഫ്ലാറ്റിൽ വെച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊച്ചി ഉൾപ്പടെ ജയ്പൂർ, ദില്ലി, മുബൈ മെട്രോ സ്റ്റേഷനിലെ ഗ്രാഫിറ്റിക്ക് പിന്നിൽ ഇവരെന്ന സൂചന പുറത്ത് വരുന്നത്. 

ഇതിൽ വ്യക്തത വരുത്താൻ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലെ സിഐ യുടെ നേതൃത്വത്തിൽ അന്വേഷണസംഘം അഹമ്മദാബാദിലേക്ക് തിരിച്ചു. കഴി‍ഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോയുടെ തന്ത്രപ്രധാനമേഖലയായ മുട്ടം യാർഡിലെ നിർത്തിയിട്ടിരുന്ന ബോഗികളിൽ burn, splash എന്നിങ്ങനെ വരച്ച് ഒരു സംഘം കടന്ന് കളഞ്ഞത്. നഗരത്തിൽ സ്ഫോടനമെന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കലാകാരന്മാരെങ്കിലും കല വിധ്വംസക ഉദ്ദേശങ്ങൾക്ക് ഉപയോഗിക്കുന്ന റെയിൽവേ ഗൂൺസ് ആണ് ഇവർ എന്ന് കണ്ടെത്തിയെങ്കിലും ഈ രാജ്യാന്തര സംഘത്തിലേക്കെത്താൻ കൊച്ചി പൊലീസിന് കഴിഞ്ഞിരുന്നില്ല.നിലവിൽ അതിക്രമിച്ച് കയറി, പൊതുമുതൽ നശിപ്പിച്ചു എന്നിങ്ങനെ രണ്ട് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അഹമ്മദാബാദ് പൊലീസുമായി ചേർന്ന് നടത്തുന്ന അന്വേഷണത്തിലാകും ഇവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നതിൽ എന്നതിൽ വ്യക്തത ഉണ്ടാകൂ. 

click me!