തരൂരിന് തടയിടാൻ എഐസിസി? തരൂരിനെതിരെ തെലങ്കാന കോൺ​ഗ്രസ്

By Web TeamFirst Published Oct 4, 2022, 8:27 AM IST
Highlights

''ആദ്യം അവർ നിങ്ങളെ അവഗണിക്കും, പരിഹസിക്കും ഒടുവിൽ വിജയം നിങ്ങളുടേതാ''കുമെന്ന ഗാന്ധി വാചകവും തരൂർ ട്വീറ്റ് ചെയ്തു. വിജയപ്രതീക്ഷ വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു തരൂരിന്റെ ട്വീറ്റ്. 

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ എഐസിസി പുറത്തിറക്കിയ മാർ​ഗനിർദ്ദേശങ്ങൾ തരൂരിന് തടയിടാനെന്ന് സൂചന. ഉത്തരവാദിത്തപ്പെട്ട പദവികൾ വ​ഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന് പുറത്തിറക്കിയ മാർ​ഗനിർദ്ദേശങ്ങളിൽ പറയുന്നു. പ്രചാരണത്തിനായി ഹൈദരാബാദിലെത്തിയ തരൂർ മുതിർന്ന നേതാക്കളെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തരൂരിൻ്റെ പ്രചാരണത്തിൽ നിന്ന് തെലങ്കാന പിസിസി പൂർണ്ണമായും വിട്ടുനിന്നു. സമൂഹമാധ്യമങ്ങളിൽ പിന്തുണച്ചവരും പിന്നോട്ട് മാറിയ സാഹചര്യമാണുള്ളത്.  

മഹാരാഷ്ട്രയില്‍ രണ്ട് ദിവസം പ്രചാരണം നടത്തിയ ശേഷമാണ് ശശി തരൂര്‍ പ്രചരണത്തിനായി ഹൈദരാബാദിലെത്തിയത്. ഗാന്ധി ജയന്തി ദിനത്തില്‍ വാർധയിലെ ഗാന്ധി സേവാഗ്രാമത്തിലായിരുന്നു  അദ്ദേഹം എത്തിയത്. ''ആദ്യം അവർ നിങ്ങളെ അവഗണിക്കും, പരിഹസിക്കും ഒടുവിൽ വിജയം നിങ്ങളുടേതാ'' കുമെന്ന ഗാന്ധി വാചകവും തരൂർ ട്വീറ്റ് ചെയ്തു. വിജയപ്രതീക്ഷ വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു തരൂരിന്റെ ട്വീറ്റ്. 

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.  ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുത്. പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണം. ആർക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത്. വോട്ടർമാർ ആയ പി സി സി പ്രതിനിധികളുമായുള്ള  കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണം. പി സി സി അധ്യക്ഷൻമാർ യോഗം വിളിക്കരുത്. ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിനും വോട്ടർമാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കുണ്ട്. വീഴ്ച വരുത്തിയാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കും. അച്ചടക്ക നടപടികൾ സ്വീകരിക്കും. പരസ്പരം ദുഷ്പ്രചരണം നടത്തുന്നത് തടയാൻ ജാഗ്രത പുലർത്തണം. നടപടി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കും. തുടങ്ങിയ കാര്യങ്ങള്‍ ഉൾപ്പെടുത്തിയ മാർ​ഗനിർ‌ദ്ദേശങ്ങളാണ് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പുറത്തിറക്കിയത്.

സൗഹൃദ മത്സരമെന്ന് അവകാശപ്പെടുമ്പോഴും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പരസ്പരം ഒളിയമ്പെയ്താണ് ഖാർഗെയും തരൂരും മുന്നോട്ടു പോകുന്നത്. ഖാ‍‍ർഗെയാണെങ്കില്‍ പാർട്ടിയില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും  നിലവിലെ രീതി തുടരുകയേ  ഉള്ളുവെന്ന സന്ദേശം നല്‍കി വോട്ടർമാരെ സ്വാധീനിക്കാനാണ് തരൂരിന്‍റെ ശ്രമം. എന്നാല്‍ ഇതിനോട് കൂടിയാലോചനകള്‍ നടത്തി തീരുമാനങ്ങള്‍ നടപ്പാക്കുന്നതാണ് തന്‍റെ രീതിയെന്ന് പറഞ്ഞാണ് ഖാർഗെ മറുപടി നല്‍കിയത്. നോമിനിയെന്ന പ്രചരണം നിലനില്‍ക്കെ എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഒപ്പം ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഖാർഗെ പറഞ്ഞു. അതേസമം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നാതാണ് നല്ലതെന്ന് താ‍ൻ തരൂരിനോട് അഭിപ്രായപ്പെട്ടതായി ഖാർഗെ വെളിപ്പെടുത്തി.

വീറും വാശിയും ചോരാതെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂർ ഹൈദരാബാദിൽ

'ഖാർഗെജിയോട് പ്രത്യയശാസ്ത്ര വ്യത്യാസമില്ല ,പരസ്പരമെന്നതിലുപരി ബിജെപിയെ നേരിടാനാണ് ആഗ്രഹിക്കുന്നത്'ശശി തരൂര്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്:'ഉത്തരവാദിത്തപ്പെട്ട പദവി ഉള്ളവര്‍ സ്ഥാനാര്‍ത്ഥിക്കായി പ്രചരണം നടത്തരുത്'

click me!