
മലപ്പുറം: വിവാദ കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്. അഷ്റഫ് കളത്തിങ്ങൽ എന്നയാളാണ് സത്താർ പന്തല്ലൂരിനെതിരെ പരാതി നൽകിയിരിക്കുന്നത്. മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ പ്രവർത്തകരുണ്ടാകും എന്നായിരുന്നു പരാമർശം. ഇതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
സംഭവത്തിൽ സത്താർ പന്തല്ലൂരിന്‍റെ പരാമർശത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി രംഗത്തെത്തിയിരുന്നു. തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ സമസ്തയുടെ നേതാക്കൾ പറയാറില്ല, തീവ്രവാദികൾക്കെതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്ന് മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു. എൻഡിഎഫ് അടക്കമുള്ള തീവ്രവാദ സംഘടനകൾ വന്നപ്പോൾ പ്രതിരോധം തീർത്തവരാണ് സമസ്ത. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് കീഴിൽ ഉള്ള ഒരു സംഘടനയ്ക്കും തീവ്രവാദ ശൈലി ഇല്ല. തീവ്രവാദത്തിന്‍റെ തെറ്റും ശരിയും പറഞ്ഞു ക്യാമ്പയിൻ നടത്തിയവരാണ് സംഘടന. എസ്‍കെഎസ്എസ്എഫ് നേതാവിന്‍റെ പരാമർശം സമസ്തയുടെ ഉന്നത നേതാക്കൾ വേണ്ടത് പോലെ കൈകാര്യം ചെയ്യുമെന്ന് മൊയ്തീൻ ഫൈസി വ്യക്തമാക്കി. സമസ്തയിലെ ലീഗ് അനുകൂലികളായ നേതാക്കളിൽ പ്രമുഖനാണ്
മൊയ്തീൻ ഫൈസി പുത്തനഴി.
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്കെഎസ്എസ്എഫ് പ്രവർത്തകർ ഉണ്ടാകുമെന്നാണ് സത്താർ പന്തല്ലൂർ പറഞ്ഞത്. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam