"കൊവിഡ് റാണി, റോക്ക് ഡാന്‍സര്‍.." വിനയായോ മുല്ലപ്പള്ളിയുടെ ഈ നാക്കുപിഴകള്‍?

By Web TeamFirst Published Dec 16, 2020, 9:33 PM IST
Highlights

അടുത്തകാലത്ത് മുല്ലപ്പള്ളി നടത്തിയ പല പ്രസ്‍താവനകളും പാര്‍ട്ടിക്കും മുന്നണിക്കും ജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ കരുതുന്നുണ്ട്. പ്രശ്‍നങ്ങളില്‍പ്പെട്ട ഇടതുമുന്നണി സര്‍ക്കാരിന് പിടിവള്ളിയാകുന്ന തരത്തിലായിരുന്നു മുല്ലപ്പള്ളിയുടെ നാവിന്‍റെ വിളയാട്ടമെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.

ദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ ഞെട്ടലിലാണ് യുഡിഎഫും കോണ്‍ഗ്രസും. കനത്ത തോല്‍വിക്കു പിന്നാലെ പാര്‍ട്ടിയിലും മുന്നണിയിലും പടയൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കെ മുരളീധരന്‍ എം പിയുടെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നതും ഈ പൊട്ടിത്തെറിയിലേക്കാണ്. 

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെയാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്‍റെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കാരണം അദ്ദേഹം അടുത്തകാലത്ത് നടത്തിയ പല വിവാദ പ്രസ്‍താവനകളും പാര്‍ട്ടിക്കും മുന്നണിക്കും ജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ കരുതുന്നുണ്ട്. പ്രശ്‍നങ്ങളില്‍പ്പെട്ട ഇടതുമുന്നണി സര്‍ക്കാരിന് പിടിവള്ളിയാകുന്ന തരത്തിലായിരുന്നു മുല്ലപ്പള്ളിയുടെ നാവിന്‍റെ വിളയാട്ടമെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.

ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ നടത്തിയ പരാമര്‍ശമായിരുന്നു ഇതില്‍ ഏറെ തലവേദന സൃഷ്‍ടിച്ചത്. ആരോഗ്യമന്ത്രിയെ നിപ്പാ രാജകുമാരി എന്നും 'കൊവിഡ് റാണി' എന്നുമായിരുന്നു മുല്ലപ്പള്ളി വിളിച്ചത്. “കോഴിക്കോട്ട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുമ്പോൾ ഗസ്റ്റ് ആര്‍ട്ടിസ്റ്റ്  റോളിൽ ഇടയ്ക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നത്.” ഇതായിരുന്നു 2020 ജൂണ്‍മാസത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ മുല്ലപ്പള്ളിയുടെ വാക്കുകള്‍.

ഈ വാക്കുകള്‍ വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശം അസ്ഥാനത്തായിപ്പോയെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു. മുസ്‌ലിംലീഗ് മുല്ലപ്പള്ളിയെ പരസ്യമായി തള്ളിപ്പറയുക പോലും ചെയ്‍തു. അപ്പോള്‍ താനല്ല , ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനിലെ റിപ്പോര്‍ട്ടറാണ് റോക്ക്‌സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതെന്ന് പറഞ്ഞ് തടിതപ്പാനായി മുല്ലപ്പള്ളിയുടെ ശ്രമം. എന്നാല്‍ ഈ ശ്രമം അദ്ദേഹത്തെ വീണ്ടും അബദ്ധങ്ങളിലേക്ക് ചാടിച്ചു.  

ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങള്‍ ഉദ്ധരിച്ചുള്ള കെപിസിസി അധ്യക്ഷന്‍റെ ആ വിവാദ ന്യായീകരണം ഇങ്ങനെയായിരുന്നു. "കോവിഡ് രോഗം പടര്‍ന്ന കാലത്ത് 42ഓളം വിദേശ മാധ്യമങ്ങളിലാണ് ലേഖനം വന്നത്. ലണ്ടനിലെ ഒരു പത്രം റോക്കിങ് ഡാന്‍സര്‍ എന്നാണ് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചത്. ഇത് പോസിറ്റീവ് ആണെങ്കില്‍ റാണി, രാജകുമാരി എന്നു വിളച്ചതില്‍ എന്താണ് തെറ്റ്..?" ഇതായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. ദി ഗാര്‍ഡിയനില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ട് സൂചിപ്പിച്ചുകൊണ്ടുള്ള മുല്ലപ്പള്ളിയുടെ ഈ ചോദ്യം സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ട്രോളുകള്‍ക്ക് കാരണമായി. ഇംഗ്ലീഷ് പത്രത്തിന്‍റെ റിപ്പോര്‍ട്ടര്‍ തന്നെ മുല്ലപ്പള്ളിക്കെതിരെ രംഗത്തുവന്നു. 

കാരണം റോക്കിങ് ഡാന്‍സര്‍ എന്നല്ല, 'റോക്ക് സ്റ്റാര്‍ ഹെല്‍ത്ത് മിനിസ്റ്റര്‍' എന്നായിരുന്നു പത്രം ശൈലജ ടീച്ചറെ വിശേഷിപ്പിച്ചത്. 'The coronavirus slayer! How Kerala's rock star health minister helped save it from Covid-19' എന്നായിരുന്നു ലേഖനത്തിന്‍റെ തലക്കെട്ട്. കേരളം എങ്ങനെയാണ് വിനാശകാരിയായ നിപ, കൊറോണ വൈറസുകളെ പ്രതിരോധിച്ചത് എന്നും ഇതില്‍ ആരോഗ്യമന്ത്രിയുടെ വ്യക്തമായ ഇടപെടല്‍ എന്തായിരുന്നു എന്നുമായിരുന്നു ഈ ലേഖനത്തിന്‍റെ ഇതിവൃത്തം. 

ഒരു പ്രത്യേക മേഖലയില്‍ മികച്ച നേട്ടം കൈവരിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയെ 'റോക്ക് സ്റ്റാര്‍' എന്ന് വിളിക്കുന്നു എന്ന് വെബ്‌സ്റ്റര്‍ ഡിക്ഷ്ണണി വ്യക്തമാക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ ജനം വിളിച്ചുപറഞ്ഞു. ഇതേ അര്‍ത്ഥത്തിലാണ് ഗാര്‍ഡിയനും ആരോഗ്യമന്ത്രിയെ 'റോക്ക്‌സറ്റാര്‍' എന്ന് അഭിസംബോധന ചെയ്തതെന്നും  മുല്ലപ്പള്ളി മനസിലാക്കിയത് 'റോക്കിങ് ഡാന്‍സര്‍' എന്നാണെന്നും അങ്ങനെ ലേഖനത്തിന്റെ ഒരു ഭാഗത്തും പരാമര്‍ശിക്കുന്നില്ലെന്നും പലരും ചൂണ്ടിക്കാട്ടി. ഒരു നിര്‍ണായക ഘട്ടത്തില്‍ എങ്ങനെയാണ് കേരളത്തിലെ ആരോഗ്യമേഖലയും മന്ത്രിയും കൃത്യമായി  പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാനായിരുന്നു ഈ പ്രയോഗമെന്ന് പലരും ആവര്‍ത്തിച്ചിട്ടും കൂസാതെ മുല്ലപ്പള്ളി ട്രോളിനുള്ള വകയൊരുക്കുന്ന കാഴ്‍ചയായിരുന്നു തുടര്‍ന്നും കേരളം കണ്ടത്. 

വിവാദ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിച്ച മുല്ലപ്പള്ളിയുടെ ഇംഗ്ലീഷ് വാക്കുകളായിരുന്നു പിന്നാലെ വൈറലായത്. മാപ്പ് പറയുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ച വാക്കുകളും ശരീരഭാഷയുംഏറെ ദിവസം സോഷ്യല്‍ മീഡിയ ആഘോഷമാക്കി. നിപ പ്രതിരോധത്തിനിടെ ജീവന്‍ നഷ്‍ടമായ നഴ്‍സ് ലിനിയുടെ പേര് അദ്ദേഹത്തിന് അറിയില്ലെന്നതും ചര്‍ച്ചയായി. നിപാ കാലത്ത് വടകര എംപിയായിരുന്ന താൻ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിലായിരുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞ മുല്ലപ്പള്ളി ലിനിയുടെ പേര് കിട്ടാതെ വലഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. 

ഇതിനിടെ ലിനിയുടെ ഭര്‍ത്താവ് സജീഷ് കൂടി പ്രതികരണവുമായെത്തിയതോടെ കോണ്‍ഗ്രസും യുഡിഎഫും വീണ്ടും വെട്ടിലായി. നിപയുടെ സമയത്ത് തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്ന ആളാണ് അന്നത്തെ വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രനെന്നായിരുന്നു സജീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അന്ന് ആരോഗ്യപ്രവര്‍ത്തകരെയും നാടിനെയും നയിച്ചതും ആ ഘട്ടത്തിലും ശേഷവും ധൈര്യവും ആശ്വാസവും പകര്‍ന്നതും ശൈലജ ടീച്ചറാണെന്നും മുല്ലപ്പള്ളിയുടെ പ്രസ്‍താവന നീചവും വേദനിപ്പിക്കുന്നതുമാണെന്നും ടീച്ചറുടെ ആശ്വസ വാക്കുകളാണ് ആത്മവിശ്വാസം നല്‍കിയതെന്നും സജീഷ് വ്യക്തമാക്കി. ഇതോടെ ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീഷിനെതിരെ രംഗത്തെത്തി. ഇതും മുന്നണിക്കെതിരെ അവമതിപ്പുണ്ടാക്കിയതായി മുല്ലപ്പള്ളിയുടെ എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവുമൊടുവില്‍ സോളാര്‍ കേസില്‍ ലൈംഗിക പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ മുല്ലപ്പള്ളി നടത്തിയ പ്രസ്താവനയാണ് വമ്പന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. ആത്മാഭിമാനമുണ്ടെങ്കില്‍ ബലാത്സംഗത്തിനിരയായ സ്‍ത്രീ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ ആവര്‍ത്തിക്കാതെ നോക്കും എന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍. കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സമരപ്പന്തലിലായിരുന്നു മുല്ലപ്പള്ളിയുടെ ഈ പരാമര്‍ശം. സോളാര്‍ കേസില്‍ സര്‍ക്കാര്‍ യുഡിഎഫിനെതിരെ നീങ്ങുന്നു എന്നാരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പ്രസംഗം. 

ആ വാക്കുകള്‍ ഇങ്ങനെ: "ആരെയാണിവര്‍ കൊണ്ടു വരാന്‍ പോകുന്നത്. ഓരോ ദിവസവും ഉറങ്ങിയെണീക്കുമ്പോള്‍ എന്നെയിതാ ബലാത്സംഗം ചെയ്തിരിക്കുന്നു എന്ന് പറയുകയാണ്. ബലാത്സംഗത്തിന് ഇരയായെന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ചൊരുക്കിക്കൊണ്ട് തിരശ്ശീലക്ക് പിന്നില്‍ നിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെകൊണ്ടു വന്ന് കഥ പറയിക്കാമെന്നാണ് ആഗ്രഹമെങ്കില്‍ നടക്കില്ല. അത് കേരളം കേട്ട് മടുത്തതാണ്. നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാണ് ഒരു സ്ത്രീ രംഗത്ത് വന്നിരിക്കുന്നത്. ഒരു സ്ത്രീ ഒരു തവണ പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അത് പിന്നീട് ആവര്‍ത്തിക്കില്ല. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒരിക്കല്‍ ബലാത്സംഗത്തിനിരയായാല്‍ ഒന്നുകില്‍ മരിക്കും, അല്ലെങ്കില്‍ പിന്നീട് ആവര്‍ത്തിക്കാതെ നോക്കും.." 

മുല്ലപ്പള്ളിയുടെ ഈ പ്രസ്താവനക്കെതിരെ ഭരണപ്രതിപക്ഷ രംഗത്തെ വനിതാനേതാക്കള്‍ രംഗത്തെത്തിയതോടെ പാര്‍ട്ടിയും മുന്നണിയും വീണ്ടും പ്രതിരോധത്തിലായി. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസുമെടുത്തു.  

ശശി തരൂര്‍ എംപിക്കെതിരെ പരസ്യമായി നടത്തിയ രൂക്ഷ വിമര്‍ശനങ്ങളും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന് മുല്ലപ്പള്ളി വിരുദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ ചേര്‍ന്ന് കത്തയച്ച വിഷയത്തിലാണ് തരൂരിനെ മുല്ലപ്പള്ളി പരസ്യമായി വിമര്‍ശിച്ചത്. കൊവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ലെന്നും തരൂര്‍ പലപ്പോഴും ദില്ലിയില്‍ ഡിന്നർ നടത്തുന്നു തുടങ്ങിയവയായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണങ്ങള്‍.

എന്തായാലും ഈ സംഭവങ്ങളൊക്കെ അക്കമിട്ടു നിരത്തി പരസ്യമായി തന്നെ പോരിനിറങ്ങാനാണ് മുല്ലപ്പള്ളി വിരുദ്ധരുടെ അണിയറ നീക്കമെന്നാണ് സൂചനകള്‍. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും എന്തൊക്കെയാണ് സംഭവിക്കുക എന്ന് ഇനി കാത്തിരുന്ന് കാണണം. 

click me!