അനുകൂല ഘടകങ്ങളെ മുതലെടുക്കാനാവാതെ യുഡിഎഫ്; വിവാദങ്ങളില്‍ പതറാതെ വോട്ടുകാത്ത് എല്‍ഡിഎഫ്

By Web TeamFirst Published Dec 16, 2020, 9:18 PM IST
Highlights

കിഫ്ബി വഴി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും മസാല ബോണ്ടുകള്‍ വാങ്ങിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ സിഎജി ചോദ്യം ചെയ്തതോടെ വിഷയത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചു. സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി.  കരട് റിപ്പോര്‍ട്ടാണ് അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ടല്ലെന്ന് ധനമന്ത്രി പറഞ്ഞതും വാദം പൊളിഞ്ഞതും വിവാദമായി.

തിരുവനന്തപുരം: ആരോപണങ്ങളുടെയും വിവാദങ്ങളുടെയും കുത്തൊഴുക്കിനെ അതിജീവിച്ചാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മിന്നുന്ന വിജയം സ്വന്തമാക്കിയത്. പ്രളയവും നിപ്പയും തരണം ചെയ്ത് ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിന് പക്ഷേ കൊവിഡ് കാലം വിവാദങ്ങളുടേത് കൂടിയായിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിവാദങ്ങളില്‍പ്പെട്ടത് നാലര വര്‍ഷത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തെ പല ഘട്ടത്തിലും പ്രതിസന്ധിയിലാക്കി. സ്പ്രിംക്ലര്‍, പിഎസ്സി നിയമനം, സ്വര്‍ണക്കടത്ത്, കണ്‍സള്‍ട്ടന്‍സികള്‍, ലൈഫ് മിഷന്‍ ക്രമക്കേട്, കിഫ്ബി എന്നിങ്ങനെ ഒന്നിന് പിറകെ മറ്റൊന്നായി വിവാദങ്ങള്‍ എത്തിയപ്പോള്‍ അതിന്റെ മറപറ്റി ഭരണപക്ഷത്തെ തെരഞ്ഞെടുപ്പില്‍ നിഷ്പ്രഭമാക്കാം എന്നായിരുന്നു യുഡിഎഫും ബിജെപിയും കണക്കുകൂട്ടിയത്. എന്നാല്‍ മനക്കോട്ടകളെ അസ്ഥാനത്താക്കി എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോള്‍ യുഡിഎഫിന് പിഴച്ചതെവിടെ? കൈവെള്ളയിലുണ്ടായിരുന്ന പലയിടങ്ങളും ഇടത്തേക്ക് ചാഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായ ഘടകങ്ങളെ വോട്ടാക്കി മാറ്റാന്‍ യുഡിഎഫിന് സാധിക്കാതിരുന്നത് എന്തുകൊണ്ട്?

കേരളത്തില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ആദ്യം ആരോഗ്യ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയും നടത്തിവന്ന വാര്‍ത്താസമ്മേളനങ്ങള്‍ കേരള ജനത ഏറ്റെടുത്തതാണ്. എന്നാല്‍ ക്രമേണ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ സര്‍ക്കാര്‍ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷം ആദ്യം ഉന്നയിച്ച ആരോപണം. സര്‍ക്കാറിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനായി പിആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒട്ടേറെ തവണ പല യുഡിഎഫ് നേതാക്കളും ആവര്‍ത്തിച്ചു. എന്നാല്‍ കൊവിഡ് മഹാമാരിക്കാലത്തെ ഭയക്കേണ്ടെന്നും സര്‍ക്കാര്‍ മുന്നില്‍ തന്നെ നിന്ന് പ്രവര്‍ത്തിക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ വിശ്വാസം ജനിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 'പിആര്‍ വര്‍ക്ക്' ആണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ സിപിഎം പ്രതിരോധം തീര്‍ത്തു.

Read More: 'ചെണ്ട' കൊട്ടിക്കയറിയില്ല, രണ്ടില വിടർന്നപ്പോൾ ജോസഫിന്‍റെ തന്ത്രങ്ങൾ പിഴച്ചതെവിടെ

പിന്നീടായിരുന്നു സ്പ്രിംക്ലര്‍ വിവാദം ഉടലെടുത്തത്. കൊവിഡ് ബാധിതരുടെ വിവര വിശകലനത്തിന് യുഎസിലെ സ്പ്രിന്‍ക്ലര്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. 2020 ഏപ്രില്‍ രണ്ടിനാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെയാണ് ഐടി സെക്രട്ടറിയെന്ന നിലയില്‍ കരാറില്‍ ഒപ്പിട്ടതും. വിവാദമായതോടെ ആറ് മാസത്തിന് ശേഷം സര്‍ക്കാര്‍ കരാര്‍ പുതുക്കിയില്ല. സ്പ്രിംക്ലര്‍ കമ്പനിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ വിദഗ്ധ സമിതി റിപ്പോര്‍ട്ടും അത് വീണ്ടും പഠിക്കാന്‍ മറ്റൊരു സമിതിയെ നിയാേഗിച്ചതും പ്രതിപക്ഷം രാഷ്ട്രീയ അയുധമാക്കി. സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ശേഖരിക്കുന്ന രേഖകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് സ്പ്രിംക്ലറിനോട് ഹൈക്കോടതി അറിയിച്ചു.  വ്യക്തികളുടെ വിവരശേഖരണം രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാത്രമെ നടത്താവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ സ്പ്രിംക്ലര്‍ ശേഖരിച്ച മുഴുന്‍ ഡാറ്റയും സുരക്ഷിതമാണെന്നും ഡാറ്റയുടെ പൂര്‍ണ നിയന്ത്രണം ഇപ്പോള്‍ സി ഡിറ്റിനാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്പ്രിംക്ലര്‍ വിവാദം വേണ്ട രാഷ്ട്രീയ ആയുധമാക്കി മുമ്പോട്ട് കൊണ്ടുപോകാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല.

പി എസ് സി വഴി അനധികൃത നിയമനങ്ങള്‍ നടത്തിയെന്നായിരുന്നു സര്‍ക്കാരിനെതിരെ പ്രതിപക്ഷമുന്നയിച്ച അടുത്ത ആരോപണം. ഇതിന്റെ പിന്‍പറ്റി നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടിട്ടും ജോലി ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തി. സര്‍ക്കാരിനെ വലിയ രീതിയില്‍ ബാധിച്ച ഒന്നായിരുന്നു പി എസ് സി നിയമന വിവാദം. പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ഇതിനെ അപലപിച്ച് പ്രസ്താവനകളിറക്കി. യോഗ്യത ഉണ്ടായിട്ടും യുവാവിന് ജോലി നല്‍കിയില്ലെന്നും ബാലാവകാശ കമ്മീഷനില്‍ ഒരു യോഗ്യതയും ഇല്ലാത്ത വ്യക്തിക്ക് നിയമനം നല്‍കിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ തുറന്നടിച്ചു. പി എസ് സിയിലെ പിന്‍വാതില്‍ നിയമനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രതിപക്ഷത്തിന് പക്ഷേ ഇത്തരം വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് വരെ എത്തിക്കാനായില്ല. 100 ദിവസത്തിനകം അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എല്ലാ ഒഴിവുകളും അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും നിയമന നടപടികള്‍ വേഗത്തിലാക്കാനും പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

Read More: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം, തകർന്നടിഞ്ഞ് കോൺ​ഗ്രസും യുഡിഎഫും, ഉത്തരമില്ലാതെ നേതൃത്വം

നാലരവര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തില്‍ ഒന്നാകെ കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു സ്വര്‍ണക്കടത്ത് കേസും പിന്നീടുണ്ടായ സംഭവവികാസങ്ങളും. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌നയ്ക്കും സരിത്തിനും സന്ദീപിനും പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിലേക്ക് നീണ്ട ആരോപണം ഒടുവില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് വരെയെത്തിയത് സര്‍ക്കാരിന്റെ പ്രതിച്ഛായയക്ക് വലിയ രീതിയില്‍ മങ്ങലേല്‍പ്പിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഭരണപക്ഷ നേതാക്കള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചത്. സ്വപ്‌ന സുരേഷ് കമ്മീഷന്‍ വാങ്ങിയ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലേക്ക് റെഡ് ക്രസന്റിനെ എത്തിച്ചത് എം ശിവശങ്കറാണെന്ന് ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് വെളിപ്പെടുത്തിയതോടെ ആ പദ്ധതിയും അന്വേഷണ പരിധിയിലായി. ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിനെ നിയമിച്ചതും വിവാദമായി. തുടര്‍ന്ന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഈ വിലക്ക് പിന്നീട് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു.

കോണ്‍ഗ്രസും ബിജെപിയും നിരവധി കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്കിടയിലും പ്രതിഷേധ, സമര പരമ്പരകളിലൂടെ സ്വര്‍ണക്കടത്ത് വിവാദം ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. മന്ത്രി കെ ടി ജലീലിലേക്ക് നീണ്ട ആരോപണങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞും മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രത ഉയര്‍ത്തിക്കാട്ടിയും വിവാദങ്ങളെ പോളിങ് ബൂത്ത് വരെയെത്തിക്കാതെ എല്‍ഡിഎഫ് കാത്തു. 

കിഫ്ബി വഴി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും മസാല ബോണ്ടുകള്‍ വാങ്ങിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ സിഎജി ചോദ്യം ചെയ്തതോടെ വിഷയത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചു. സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി.  കരട് റിപ്പോര്‍ട്ടാണ് അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ടല്ലെന്ന് ധനമന്ത്രി പറഞ്ഞതും വാദം പൊളിഞ്ഞതും വിവാദമായി. സ്വര്‍ണക്കടത്ത്, ബിനീഷ് കോടിയേരി വിവാദങ്ങളില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോള്‍ സിപിഎം ബോധപൂര്‍വ്വം കൊണ്ടുവന്ന രാഷ്ട്രീയ അജണ്ടയാണ് സിഎജി വിവാദമെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത വിവാദത്തിന് പക്ഷേ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായില്ല.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുള്‍പ്പെട്ട വിവാദത്തിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ താല്‍ക്കാലികമായി ഒഴിയുന്നതും പകരം ചുമതല എ വിജയരാഘവന് നല്‍കുന്നതും. പാര്‍ട്ടിയുടെ തലപ്പത്ത് നിന്ന് കോടിയേരി മാറി നിന്നതും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് ഇന്നത്തെ ഫലം വ്യക്തമാക്കുന്നു. വിവാദമായ പൊലീസ് ആക്ട് നിയമ ഭേദഗതി വിമര്‍ശനങ്ങളെ തുടര്‍ന്ന് പിന്‍വലിച്ച് സര്‍ക്കാര്‍ ജനവികാരത്തെ മാനിക്കുന്നതായി തെളിയിച്ചു.

Read More: ജയിച്ച വാർഡുകളുടെ എണ്ണത്തിൽ റെക്കോർഡ്, എന്നിട്ടും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല

അതേസമയം കോണ്‍ഗ്രസിനുള്ളിലെ സംഘടനാപരമായ തര്‍ക്കങ്ങളും എതിര്‍പ്പുകളും സിപിഎം ശക്തമായി ഉയര്‍ത്തിക്കാട്ടി. ജനങ്ങളുടെ വിശ്വാസവും സ്വീകാര്യതയും ആര്‍ജ്ജിക്കാന്‍ കഴിയുന്ന നേതാക്കള്‍ പ്രതിപക്ഷത്തില്ലെന്നും ഭരണ തുടര്‍ച്ചയാണ് വേണ്ടതെന്നും അവര്‍ അടിവരയിട്ട് പറഞ്ഞു. പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് യുഡിഎഫിന് ക്ഷീണമുണ്ടാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ വ്യക്തത വരുത്താതെ യുഡിഎഫ് നേതൃത്വം ഒളിച്ചുകളിച്ചു. യുഡിഎഫിന് പുറത്ത് ആരുമായും സഖ്യമോ ധാരണയോ ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ ജമാ അത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് നേതാക്കള്‍ നടത്തിയ സഖ്യ ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വാര്‍ത്തയായിരുന്നു. മുന്നണിക്ക് പുറത്ത് ആരുമായും സഖ്യമോ ധാരണയോ ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. എന്നാല്‍ ആര്‍എംപിയുമായി പ്രത്യക്ഷത്തില്‍ സഖ്യമുള്ളപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടെന്നായിരുന്നു കെ മുരളീധരന്റെ പ്രസ്താവന.

കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പും ജോസഫ് വിഭാഗത്തെ ഒപ്പം നിര്‍ത്തിയ തന്ത്രവും യുഡിഎഫിന് അനുകൂലമായില്ല. ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തോടെ ചരിത്രത്തിലാദ്യമായി പാലാ കോട്ട പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് സാധിക്കുകയും ചെയ്തു. സാമ്പത്തിക സംവരണം പോലുള്ള വിഷയങ്ങളില്‍ എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോഴും കൊവിഡ് കാലത്തെ ഉറച്ച നിലപാടുകളും ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യ കിറ്റ് നല്‍കിയതും ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം പേര്‍ക്ക് വീടുവെച്ച് നല്‍കിയതും ആശുപത്രികളും സ്‌കൂളുകളും നവീകരിച്ചതുമുള്‍പ്പെടെയുള്ള ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടിയ പ്രചാരണങ്ങള്‍ നടത്തിയ ഇടതുപക്ഷ മുന്നണിയെ ചെറുക്കാന്‍, ആരോപണങ്ങളും വിവാദങ്ങളും കൊണ്ട് യുഡിഎഫ് തീര്‍ത്ത കോട്ടയ്ക്ക് ബലമില്ലാതെയായി. അനുകൂല ഘടകങ്ങളെ വേണ്ട രീതിയില്‍ മുതലെടുക്കാനാവാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയം ഏറ്റുവാങ്ങി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിജയത്തോടെ ഭരണത്തുടര്‍ച്ച എന്ന മുദ്രവാക്യവുമായി ഇടതുപക്ഷത്തിന് ഇനി വര്‍ധിതവീര്യത്തോടെ പ്രവര്‍ത്തിക്കാനാകും.

 

click me!