വിവാദ മരംമുറി ഉത്തരവിറക്കിയത് മുൻ വനം- റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച്, രേഖകൾ പുറത്ത്

By Web TeamFirst Published Jun 14, 2021, 8:32 AM IST
Highlights

ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക പിന്നീട് പല എംഎൽഎമാരായി നിയമസഭയിൽ ഉന്നയിച്ചിരുന്നുവെന്നും എന്നാൽ വനംമന്ത്രി ഉത്തരവിനെ അനുകൂലിക്കുകയായിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നുണ്ട്. എക്സ്ക്ലൂസീവ്. 

കോഴിക്കോട്/ തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം - റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഇത് തെളിയിക്കുന്ന നിയമസഭാ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ നടന്നിരുന്നു. ഈ യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുകയും ചെയ്തിരുന്നു. ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക പിന്നീട് പല എംഎൽഎമാരായി നിയമസഭയിൽ ഉന്നയിച്ചിരുന്നുവെന്നും എന്നാൽ വനംമന്ത്രി ഉത്തരവിനെ അനുകൂലിക്കുകയായിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നുണ്ട്. 

റവന്യൂ വകുപ്പിന് മാത്രമായി തല കുനിക്കേണ്ടി വരില്ലെന്നും, ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണങ്ങളും ന്യായീകരണങ്ങളും റവന്യൂ വകുപ്പ് ഇപ്പോൾ പറയുന്നുണ്ട്. എന്നാല്‍  ഉദ്യോഗസ്ഥർ പെട്ടെന്ന് തട്ടിക്കൂട്ടിയത് കൊണ്ട് മാത്രം വന്ന പിഴവല്ലെന്നും ഉത്തരവ് വേണ്ടത്ര കൂടിയാലോചനകളോടെത്തന്നെ പുറത്തിറക്കിയതാണെന്നും തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിയമസഭയിലെ ചോദ്യോത്തരവേളയിൽ ഇതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യങ്ങളടക്കമുള്ള രേഖകളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുന്നു. 

2019 ജൂൺ മുതൽ ഈ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തുടർച്ചയായി പല എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അതിലേറ്റവും പ്രധാനം ഇ എസ് ബിജിമോൾ എംഎൽഎ 2019 ജൂണിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ്. എന്തെല്ലാമാണ് മരംമുറിക്കാനുള്ള ചട്ടം? ആർക്കാണ് മരം മുറിക്കാൻ അനുമതി നൽകുന്നത് എന്നിങ്ങനെ, മരംമുറിക്ക് പൂർണമായ അനുമതി നൽകുകയാണോ? അനധികൃത മരംമുറി തടയാൻ പറ്റുമോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്. 

ഇതിന് മറുപടിയായിട്ടാണ്, 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. ഈ യോഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. ഈ യോഗങ്ങളിലാണ്, എല്ലാ മരങ്ങളുടെയും ഉടമസ്ഥത പട്ടയ ഉടമയ്ക്ക് നൽകാൻ തീരുമാനമായത്. അതവർക്ക് വേണമെങ്കിൽ മുറിച്ച് മാറ്റാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. 

പിന്നീട്, 2019 നവംബറിൽ വിടി ബൽറാം എംഎൽഎ, ഇതിന്‍റെ മറവിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലോ എന്ന ആശങ്ക നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇങ്ങനെ മരം മുറിക്കാൻ കേരള മരംസംരക്ഷണനിയമത്തിൽ ചട്ടങ്ങളുണ്ടെന്നും, അതനുസരിച്ച് തടയുമെന്നുമുള്ള വിചിത്രമായ മറുപടിയാണ് വനം, റവന്യൂ മന്ത്രിമാർ ഈ ചോദ്യത്തിന് നൽകിയത്. പിന്നീട് കെഎൻഎ ഖാദർ, ആബിദ് ഹുസൈൻ തങ്ങൾ അടക്കമുള്ള നാല് ലീഗ് എംഎൽഎമാർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് ഇബണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് നീക്കാൻ തടസ്സമുണ്ടെന്നും, ആ തടസ്സം നീക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നുമാണ്. തീർത്തും വിചിത്രമായ, പരസ്പരവിരുദ്ധമായ മറുപടികളാണ് രണ്ട് ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നിയമസഭയിലെ എംഎൽഎമാർക്ക് ലഭിച്ചതെന്ന് ചുരുക്കം. 

സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റിസർവ്ഡ് ഫോറസ്റ്റുകളിൽ നിന്ന് ഉത്തരവിന്‍റെ മറപറ്റി വനംകൊള്ളക്കാർ മരംമുറിച്ച് നീക്കുമെന്ന കാര്യം സർക്കാരിന് അറിയാമായിരുന്നു. എന്നിട്ടും അത് തടയാനുള്ള ചട്ടങ്ങൾ ഈ ഉത്തരവിൽ പ്രതിഫലിച്ചിട്ടില്ല. അതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്.

എന്താണ് മുട്ടിൽ മരംമുറിക്കേസ്? എന്താണ് അവിടെ സംഭവിച്ചത്? വിശദമായി കാണാം:

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!