
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ വോട്ടെടുപ്പ് ദിവസം വരെ നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ വോട്ടെണ്ണല്‍ നടക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യക്തിപരമായ സൈബര്‍ ആക്രമണങ്ങള്‍ വരെ കണ്ട ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടന്നത്. പാലം വികസനം, പുണ്യാളന്‍ വിവാദം, സ്വത്ത് വിവാദം, അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം, പാലം വിവാദം, പോത്ത് വിവാദം തുടങ്ങിയ നിരവധി വിഷയങ്ങളിലാണ് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ നടത്തിയതും അത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തത്. പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനെതിരെയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെതിരെയും പലരീതിയിലുള്ള സൈബര്‍ ആക്രമങ്ങളുണ്ടായി.
ചാണ്ടി ഉമ്മനും കുടുംബത്തിനുമെതിരെ വ്യക്തിപരമായ അധിക്ഷേപമാണ് സി.പി.എം പ്രവര്‍ത്തകര്‍ സൈബറിടത്തിലൂടെ നടത്തുന്നതെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെങ്കില്‍ പിതാവിന്‍റെ പ്രായത്തിന്‍റെ കാര്യത്തിലും സ്വത്ത് വിഷയത്തിലും വലിയ രീതിയിലുള്ള കടന്നാക്രമണമാണ് ജെയ്ക്കിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയതെന്നാണ് സി.പി.എം ആരോപണം. ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങളെയും മറ്റു വിവാദങ്ങളെയും ആരോപണ പ്രത്യാരോപണങ്ങള്‍കൊണ്ട് നേരിട്ടാണ് ഇരുകൂട്ടരും പ്രചരണം കൊഴുപ്പിച്ചത്. പ്രചരണത്തിന്‍റെ ആദ്യഘട്ടത്തില്‍ പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ചയായതെങ്കില്‍ അവസാനഘട്ടത്തില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും ആരോപണങ്ങളുമാണ് നിറഞ്ഞുനിന്നത്. വികസന സംവാദത്തിനുള്ള ജെയ്ക് സി തോമസിന്‍റെ വെല്ലുവിളിയെ അതേ രീതിയില്‍ ഏറ്റെടുത്തുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയത്.
പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം സാമൂഹിക മാധ്യമങ്ങളില്‍ മരപ്പാലമായിരുന്നു ആദ്യം ചര്‍ച്ചയായത്. ഉമ്മന്‍ ചാണ്ടി നടന്ന് പോയ പുതുപ്പള്ളി മണ്ഡലത്തിലെ പാലം എന്ന അവകാശവാദത്തോടെയായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്. പുതുപ്പള്ളിയില്‍ നിന്ന് അഞ്ച് പതിറ്റാണ്ട് കാലം ഉമ്മന്‍ചാണ്ടി എം എല്‍ എയായിട്ടും വികസനമെത്തിയില്ല എന്ന് ചൂണ്ടിക്കാട്ടാനായിരുന്നു കോണ്‍ഗ്രസിനെതിരെ സി.പി.എം പ്രചരണം നടത്തിയത്. പാലവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളുമിറങ്ങി. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഈ പാലമുള്ളത് പുതുപ്പള്ളി മണ്ഡലത്തില്‍ അല്ല എന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തുകയായിരുന്നു. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ തിരുവാര്‍പ്പിലാണ് ഈ പാലമുള്ളത്. ഈ മണ്ഡലം മന്ത്രി വാസവന്‍റെ മണ്ഡലമാണ് എന്നും പാലം സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് എല്‍ ഡി എഫിന് കീഴിലാണ് എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതോടെ പാലം വിവാദത്തിനും വിരാമമായി.
കൊട്ടിക്കലാശത്തിന്‍റെ അവസാന മണിക്കൂറുകളിൽ കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമർശവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ് പുതുപ്പള്ളിയിൽ ചർച്ചയായത്. പുതുപ്പളളിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ആദ്യഘട്ടം മുതല്‍ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച ആരോപണം സി.പി.എം ശക്തമാക്കിയിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തിയാണ് വോട്ടെടുപ്പ് ദിവസം സി.പി.എം ആരോപണം കടുപ്പിച്ചതെങ്കില്‍ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്ന് യുഡിഎഫും തിരിച്ചടിച്ചിരുന്നു. ജെയ്ക്ക് സി തോമസ് കുടുംബത്തെ വേട്ടയാടുന്നുവെന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മന്‍ തിരിച്ചടിച്ചത്. ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച എല്ലാം ഉമ്മൻചാണ്ടിയുടെ ഡയറിയിലുണ്ടെന്നും താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നുമാണ് ചാണ്ടി ഉമ്മൻ മറുപടി നല്‍കിയത്.
പുതുപ്പള്ളിയിലെ പുണ്യാളനാണ് ഉമ്മന്‍ ചാണ്ടിയെന്ന തരത്തിലുള്ള പ്രചരണങ്ങളും വിവാദവും വോട്ടെടുപ്പ് ദിവസം വരെ ചര്‍ച്ചയായിരുന്നു. ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കാന്‍ ശ്രമമെന്ന ആരോപണവുമായി അഡ്വ.കെ. അനില്‍കുമാര്‍ ഫേയ്സ്ബുക്കിലിട്ട കുറിപ്പും വിവാദത്തിന് തിരികൊളുത്തിയിരുന്നു. വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് വിവാദമായത്. 'പുതിയ പുണ്യാളാ ജെയ്ക്കിന് വേണ്ടി പ്രാർത്ഥിക്കണമേ' എന്നാവശ്യപ്പെട്ട കുറിപ്പാണ് കല്ലറയിൽ പ്രത്യക്ഷപ്പെട്ടത്. ഇത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അവഹേളിക്കാനാണെന്നും പിന്നിൽ ഇടത് സൈബർ കേന്ദ്രങ്ങളാണെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം.
അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണവും ജെയ്ക്കിന്‍റെ ഭാര്യക്കെതിരായ സൈബര്‍ ആക്രമണവുമെല്ലാം ഇതിനിടയിലുണ്ടായി. പിതാവിന്‍റെ പ്രായവുമായി ബന്ധപ്പെട്ടും സ്വത്തുമായി ബന്ധപ്പെട്ടും ജെയ്ക്കിനെതിരെയും ആരോപണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളുമുണ്ടായി. വിവാദങ്ങള്‍ മാലപടക്കത്തിന് തിരികൊളുത്തിയ പോലെ വിവാദങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപനത്തിനുശേഷവും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കുറവുണ്ടാകില്ല.