ഓണസന്ദേശത്തിലെ വാമനപരാമര്‍ശത്തേക്കുറിച്ച് പരാതി; ക്ഷമാപണം നടത്തിയ അധ്യാപികയുടെ വീഡിയോ പ്രചരിപ്പിച്ചു, വിവാദം

By Web TeamFirst Published Sep 7, 2020, 10:38 AM IST
Highlights

ഓണസന്ദേശത്തെക്കുറിച്ച് ഹിന്ദു ഐക്യവേദി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ നെടുങ്കുന്നം സെന്‍റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ദിവ്യ പൊലീസ് സ്റ്റേഷനിലെത്തി ക്ഷമാപണം എഴുതി നല്‍കുകയായിരുന്നു. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്

കറുകച്ചാല്‍: ഓണസന്ദേശത്തിലെ പരാമര്‍ശത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ ക്ഷമാപണം നടത്തിയ അധ്യാപികയുടെ വീഡിയോ വൈറലാക്കിയത് വിവാദമാകുന്നു. കോട്ടയം നെടുങ്കുന്നം സെന്‍റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ദിവ്യ കറുകച്ചാല്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ക്ഷമാപണം നടത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഓണ സന്ദേശത്തിലെ വാമനനെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ ഹിന്ദു ഐക്യവേദി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

സെപ്തംബര്‍ ഒന്നിന് നല്‍കിയ പരാതിയെക്കുറിച്ച് സിസ്റ്റര്‍ ദിവ്യയെ അറിയിച്ചതോടെ പൊലീസ് സ്റ്റേഷനിലെത്തിയ പ്രധാനാധ്യാപിക ക്ഷമാപണം എഴുതി നല്‍കുകയായിരുന്നു. എഴുതി നല്‍കിയ ക്ഷമാപണം വായിക്കുന്ന സിസ്റ്റര്‍ ദിവ്യയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ വൈറലാക്കുകയായിരുന്നു. ഓണത്തോട് അനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നല്‍കിയ സന്ദേശത്തില്‍ വാമനനേക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഹിന്ദു ഐക്യവേദിയെ ചൊടിപ്പിച്ചത്. ഹിന്ദു ദൈവങ്ങളെ മനപൂര്‍വ്വം അധിക്ഷേപിക്കാന്‍ സിസ്റ്റര്‍ ദിവ്യ ശ്രമിച്ചുവെന്നായിരുന്നു ഹിന്ദു ഐക്യവേദി ചങ്ങനാശ്ശേരി ജനറല്‍ സെക്രട്ടറി അജിത് വി കെ പരാതിയില്‍ ആരോപിച്ചത്. സിസ്റ്റര്‍ ദിവ്യക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ ആവശ്യം.

'ഓണം ചവിട്ടേല്‍ക്കുന്നവന്‍റെ സുവിശേഷമാണ്. കൊടുക്കുന്നവനെ വാങ്ങുന്നവന്‍ ചവിട്ടുന്ന കഥയാണ്. ദാനം കൊടുത്തവനെ ദാനം കൈനീട്ടിവാങ്ങിയവന്‍ ചവിട്ടി താഴ്ത്തിയതിന്‍റെ കാലാതീത കഥ. കൊടുക്കുന്നവന് ചവിട്ടേല്‍ക്കുമ്പോള്‍ ചവിട്ടുന്നവന്‍ വാമനനാവുന്നു. ലോകചരിത്രത്തില്‍ ആരെല്ലാം കൊട്ത്തിട്ടുണ്ടോ അവരെല്ലാം ചവിട്ടേറ്റിട്ടുണ്ട്' എന്ന് പറഞ്ഞ് തുടങ്ങിയ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഹിന്ദു ഐക്യവേദി പൊലീസില്‍ പരാതിയുമായി എത്തിയത്. പരാതിയെക്കുറിച്ച് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതോടെ സിസ്റ്റര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. പരാതിക്കാരും സ്റ്റേഷനിലുണ്ടായിരുന്നുവെന്നും ഇരുപക്ഷക്കാരും സംസാരിച്ച് ധാരണയില്ലെത്തുകയായിരുന്നുവെന്നും പൊലീസ് ദി ന്യൂസ് മിനിറ്റിനോട് വിശദമാക്കുന്നത്. വീഡിയോ എടുത്ത് പ്രചരിപ്പിച്ചതില്‍ പൊലീസിന് പങ്കില്ലെന്നാണ് വിശദീകരണം. എന്നാല്‍ നിരവധിപ്പേരാണ് സംഭവത്തില്‍ പൊലീസ് നിലപാടിനെതിരെ പ്രതികരിച്ചിരിക്കുന്നത്. 

click me!