
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫിനെ തിരികെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്‍റെ അടിത്തറ ശക്തമാണെന്നും ഉപതെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാണെന്നും കുഞ്ഞാലിക്കുട്ടി നമസ്തേ കേരളത്തില്‍ പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏൽപിക്കാൻ മുസ്ലീംലീഗിന്റെ ഉന്നതാധികാരസമിതി തീരുമാനിച്ചതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് കളമൊരുങ്ങുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉറപ്പാക്കുകയാണ് ദൗത്യമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യുഡിഎഫ് ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അത് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
ചവറയിൽ യുഡിഎഫ് ജയിച്ച പ്രതീതിയാണ് ഇപ്പോള്‍ ഉള്ളതെന്നും ഷിബു ബേബി ജോണിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പോലും ഇടതുമുന്നണിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്‍ഡിഎഫിന്‍റെ കോട്ടയായ കുട്ടനാട്ടിലും വിജയം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam