മണിയുമായുള്ള തർക്കം: ആനി രാജ ഒറ്റപ്പെടുന്നു, പിന്തുണയ്ക്കാതെ സിപിഐ സംസ്ഥാന നേതൃത്വം

Published : Jul 17, 2022, 01:30 PM ISTUpdated : Jul 17, 2022, 01:37 PM IST
മണിയുമായുള്ള തർക്കം: ആനി രാജ ഒറ്റപ്പെടുന്നു, പിന്തുണയ്ക്കാതെ സിപിഐ സംസ്ഥാന നേതൃത്വം

Synopsis

ആനി രാജയുടേത് സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെയുള്ള പ്രതികരണമെന്ന് നിലപാട്, ഒറ്റപ്പെട്ടിട്ടില്ലെന്ന് ആനി രാജ

തിരുവനന്തപുരം: എം.എം.മണിയുമായുള്ള തർക്കത്തിൽ ആനി രാജയെ പിന്തുണയ്ക്കാതെ സിപിഐ സംസ്ഥാന നേതൃത്വം. നേതാക്കളുമായി ആലോചിക്കാതെയാണ് ആനി രാജയുടെ പ്രതികരണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. നിലപാട് പറയേണ്ട വേദിയിൽ പ്രതികരിക്കുമെന്ന് പറഞ്ഞ് മന്ത്രി ചിഞ്ചുറാണി ഒഴിഞ്ഞുമാറി. അതേ സമയം നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും കാനമടക്കമുള്ള എല്ലാ നേതാക്കളും പ്രതികരിക്കണമെന്നില്ലെന്നും ആനി രാജ പറഞ്ഞു.

കെ.കെ.രമയെ പിന്തുണച്ച ആനി രാജയെയും എം.എം.മണി അധിക്ഷേപിച്ചത് വ്യാപക പ്രതിഷേധമാണുണ്ടാക്കിയത്. പക്ഷെ സിപിഐ സംസ്ഥാന നേതൃത്വം വിവാദത്തിൽ കക്ഷിചേരാതെ ആനിക്കെതിരായ നിലപാടിലാണ്. ബിനോയ് വിശ്വവും ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമനും എഐവൈഎഫും മണിക്കെതിരെ കടുപ്പിച്ചപ്പോൾ കാനം ദിവസങ്ങളായി ഒഴിഞ്ഞുമാറുകയാണ്. നിയമസഭയ്ക്കുള്ളിൽ നടന്ന സംഭവത്തിൽ അവിടെ തന്നെയാണ് തീർപ്പുണ്ടാക്കേണ്ടതെന്നും ആനി രാജ സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ മണിക്കെതിരെ പ്രതികരിച്ചെന്നുമാണ് നേതാക്കളുടെ വിലയിരുത്തൽ. സിപിഎം-കോൺഗ്രസ് തർക്കത്തിൽ ആനി അനാവശ്യമായി ഇടപെട്ടെന്നാണ് നിലപാട്.

അതേസമയം ദേശീയ നേതാവിനെ പരസ്യമായി അധിക്ഷേപിച്ചിട്ടും സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന പാർട്ടി എന്ന് പറയുമ്പോഴും കാനം ആനി രാജയെ പരസ്യമായി പിന്തുണയ്ക്കാത്തതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. ഇടത് മുന്നണി ഭരിക്കുമ്പോഴും പാർട്ടി നേതാക്കൾക്കെതിരെ സിപിഎമ്മും പൊലീസും സ്വീകരിക്കുന്ന സമീപനങ്ങളെ ശക്തമായി എതിർത്തിരുന്ന മുൻ സംസ്ഥാന സെക്രട്ടറിമാരുടെ സമീപനം വിട്ട കാനത്തിന് സിപിഎമ്മിനോട് മൃദുസമീപനമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

നേരത്തെ കേരള പൊലീസിനെ വിമർശിച്ച ആനി രാജയുടേയും പിന്തുണച്ച  ജനറൽ സെക്രട്ടറി ഡി. രാജയുടേയും നിലപാടുകൾ സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാന നിർവാഹക സമിതിയിൽ കേന്ദ്ര ഘടകത്തിനെതിരെ ഈ വിഷയത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. കേരള വിഷയങ്ങളിൽ സംസ്ഥാന നേതാക്കളുമായി ആലോചിക്കാതെ പ്രതികരിക്കരുതെന്നായിരുന്നു കാനമടക്കളുള നേതാക്കൾ അന്നെടുത്ത സമീപനം. സിപിഐയുടെ ആഭ്യന്തര കാര്യമെങ്കിലും ഈ ഭിന്നതയും രമയ്ക്കെതിരായ മണിയുടെ  അധിക്ഷേപത്തെ നേരിടാനുള്ള ആയുധമാക്കാനാണ് യുഡിഎഫ് നീക്കം.

 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി