
തിരുവനന്തപുരം: സപ്ലൈക്കോ നേരിട്ട് തിരുവനന്തപുരത്ത് റേഷന്‍കട തുടങ്ങുന്നത് വിവാദമാകുന്നു. ഭക്ഷ്യ ഭദ്രത നിയമത്തിന്‍റെ ലംഘനമാണിതെന്നാരോപിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് കരിദിനമാചരിക്കുകയാണ്. എന്നാല്‍ വ്യാപാരികളുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും, കടകളടച്ച് സമരം ചെയ്താൽ നടപടിയെടുക്കുമെന്നും ഭക്ഷ്യവിതരണ മന്ത്രി പി തിലോത്തമന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സെക്രട്ടേറിയറ്റിന്റെ തൊട്ടടുത്ത് പുളിമൂട്ടിലെ സപ്ലൈക്കോ സൂപ്പര്‍ ബസാറിനോട് ചേര്‍ന്നാണ് മാതൃക റേഷന്‍ കട തുറക്കുന്നത്. നഷ്ടത്തിനായതിനെത്തുടർന്ന് ലൈസന്‍സി ഉപേക്ഷിച്ച റേഷന്‍ കടയാണിത്. നഗരത്തിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനായി സപ്ലൈക്കോ ഇത് ഏറ്റെടുക്കുകയാണ്. എന്നാല്‍ സപ്ലൈക്കോ നേരിട്ട് റേഷന്‍ കട നടത്തുന്നത് നിലവിലെ നിയമങ്ങള്‍ക്കെതിരാണെന്ന് റേഷന്‍വ്യാപാരികള്‍ ആരോപിക്കുന്നു.
സാമ്പത്തിക ബാധ്യത മൂലം നിരവധി റേഷന്‍ കടകള്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ സപ്ലൈകോ നേരിട്ട് റേഷന്‍കട നടത്തുന്നതില്‍ ഉടമകള്‍ക്ക് ഏറെ ആശങ്കയുണ്ട്. എന്നാല്‍ ഇതിന് അടിസ്ഥാനമില്ലെന്നാണ് മന്ത്രിയുടെ നിലപാട്. സപ്ലൈക്കോ റേഷന്‍കട ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. ഉച്ചതിരിഞ്ഞ് 3 മണിക്കൂര്‍ കട അടച്ചിടുമെന്നും വ്യാപാരികള്‍ അറിയിച്ചു. എന്നാല്‍ കടകളടച്ചിട്ട് റേഷന്‍ വിതരണം തടസ്സപ്പെടുത്തിയാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam