
ദില്ലി:മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ ഔദ്യോഗിക വസതി നവീകരണത്തെ ചൊല്ലി വിവാദം. 45 കോടിയോളം രൂപ ചെലവഴിച്ച് കൊവിഡ് കാലത്തടക്കം നിര്‍മ്മാണം നടത്തിയതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. കെജരിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം കടുപ്പിച്ചു.ദില്ലി സിവില്‍ ലൈന്‍സിലെ അരവിന്ദ് കെജരിവാളിന്‍റെ ഔദ്യോഗിക വസതിയുടെ നവീകരണമാണ് വിവാദത്തിലായത്.. രണ്ടായിരത്തി ഇരുപത് സെപ്റ്റംബര്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവിലെ നിര്‍മ്മാണത്തിന് ചെലവായത് 44. 7 കോടി രൂപ. പൊതുമരാമത്ത് വകുപ്പിന്‍റെ കണക്കനുസരിച്ച് ഇന്‍റീരിയര്‍ ഡെക്കറേഷന് മാത്രമായി ചെലവഴിച്ചിരിക്കുന്നത് 11. 3 കോടി രൂപയാണ്. മാര്‍ബിള്‍ ഫ്ലോളിറിംഗിനായി 6.02 കോടി രൂപ. ഇലക്ട്രിക് ഫിറ്റിംഗിനായി 2.58 കോടി, അടുക്കള നവീകരണത്തിനായി 1. 1 കോടി രൂപ. അങ്ങനെ നീളുന്നു കണക്ക്.
ക്യാമ്പ് ഓഫീസിന്‍റെ നവീകരണത്തിന് 8.11 കോടി രൂപ പ്രത്യേകം ചെലവഴിച്ചിട്ടുമുണ്ട്.ദില്ലി അടക്കം കൊവിഡ് ഭീകരതയില്‍ ശ്വാസം മുട്ടിയപ്പോള്‍ ഔദ്യോഗിക വസതിയുടെ മോടി കൂട്ടുന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്ന് ബിജെപി ആക്ഷേപിച്ചു. ലാളിത്യത്തെ കുറിച്ച് വാചാലനാകുന്ന കെജരിവാള്‍ ഉടന്‍ രാജി വയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിവാദത്തില്‍ കെജരിവാള്‍ പ്രതികരിച്ചിട്ടില്ല. അതേ സമയം പ്രധാനമന്ത്രിയുടെ വസതിക്ക് മോടി കൂട്ടാന്‍ അഞ്ഞൂറ് കോടി രൂപയും, ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതി നവീകരണത്തിനായി 191 കോടി രൂപയും ചെലവഴിച്ചിട്ടുണ്ടെന്ന് ആംആദ്മി പാര്‍ട്ടി വക്താവ് സഞ്ജയ് സിംഗ് എംപി തിരിച്ചടിച്ചു.