
തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമസമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിൽ മാറ്റിസ്ഥാപിച്ചതിൽ വിവാദം തുടരുന്നു. അമ്മത്തൊട്ടിൽ എത്രയും വേഗം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യനീതി മന്ത്രിയെ സമീപിക്കുമെന്ന് എംഎൽഎ വി എസ് ശിവകുമാർ അറിയിച്ചു. ആസ്ഥാന മന്ദിരത്തിന്‍റെ മുറ്റത്ത് തന്നെ താൽക്കാലിക അമ്മത്തൊട്ടിൽ അഞ്ച് ദിവസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് ശിശുക്ഷേമസമിതി സമിതി അധികൃതർ അറിയിച്ചു.
പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായാണ് തൈക്കാട് ശിശുക്ഷേമസമിതി ഓഫീസിന് മുന്നിലുളള അമ്മത്തൊട്ടിൽ പൊളിച്ചുനീക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്ഥാപിച്ച ഹൈടെക് അമ്മത്തൊട്ടിലായിരുന്നു ഇത്. നേരത്തെയുളള ഭരണസമിതി പിരിച്ചുവിട്ടതിന് ശേഷമായിരുന്നു കെട്ടിടനിർമ്മാണത്തിനായി അമ്മത്തൊട്ടിൽ പൊളിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഇതെന്ന് വിമർശനം ഉയർന്നിരുന്നു. താൽക്കാലികമായി സമിതിഹാളിൽ തുണി കൊണ്ട് മറച്ചാണ് പകരം സംവിധാനമൊരുക്കിയത്. എന്നാൽ, അമ്മത്തൊട്ടിലിന്റെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്ന ഈ സംവിധാനത്തിനെതിരെയും പരാതി വ്യാപകമായി. പുതിയ സംവിധാനമൊരുക്കിയ ശേഷം രണ്ട് കുട്ടികളെ മാത്രമാണ് ഇവിടെ കിട്ടിയത്.
ലുലു ഗ്രൂപ്പ് നിർമ്മിച്ചു പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ ഒരു വർഷമെങ്കിലുമെടുക്കുമെന്നാണ് കണക്കുകൂട്ടൽ. പുതിയ കെട്ടിടത്തിന്റെ ഭാഗമായി നേരത്തെ ഉണ്ടായിരുന്ന ഇടത്ത് തന്നെ അമ്മത്തൊട്ടിൽ സ്ഥാപിക്കും. പരാതി ഉയർന്ന സാഹചര്യത്തിൽ സമിതി മുറ്റത്ത് തന്നെ ചെറിയൊരു മുറി പണിത് ഹൈടെക് അമ്മത്തൊട്ടിൽ തൽക്കാലത്തേക്ക് ഇവിടെ സ്ഥാപിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam