സ്വർണക്കടത്ത് കേസ്: ഇഡിയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിയതിനെ ചൊല്ലി വിവാദം

By Web TeamFirst Published Aug 3, 2020, 2:05 PM IST
Highlights

 പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ്  ഷൈൻ സി ജോര്‍ജിനെ പകരം ടി.എ.ഉണ്ണിക്കൃഷ്ണനെ നിയമിച്ചത്. തന്നെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനമാണെന്നും ടി എ ഉണ്ണിക്കൃഷ്ണന്‍ സജീവ ബിജെപി  പ്രവര്‍ത്തകനാണെന്നും ഷൈന്‍ സി ജോർജ് ആരോപിച്ചു.
 

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന്‍റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയതിനെ ചൊല്ലി വിവാദം. പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ്  ഷൈൻ സി ജോര്‍ജിനെ പകരം ടി.എ.ഉണ്ണിക്കൃഷ്ണനെ നിയമിച്ചത്. തന്നെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനമാണെന്നും ടി എ ഉണ്ണിക്കൃഷ്ണന്‍ സജീവ ബിജെപി  പ്രവര്‍ത്തകനാണെന്നും ഷൈന്‍ സി ജോർജ് ആരോപിച്ചു.

കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ഹവാല, ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് അന്വേഷിക്കുന്നത്. പണത്തിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണം പല വമ്പൻ സ്രാവുകളിലേക്കും എത്താനിടയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 

സ്വപ്ന, സന്ദീപ്,സരിത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയല്‍ ചെയ്തത് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന്‍റെ സ്പെഷ്യല് പ്രൊസിക്യൂട്ടറായ ഷൈന്‍ സി ജോര്‍ജായിരുന്നു. ഇന്ന് കോടതി ഹര്‍ജി പരിഗണിക്കാനിരിക്കേ ഇന്നലെ രാത്രിയാണ് തന്നെ മാറ്റിയ വിവരം അറിയിച്ചതെന്ന് ഷൈന്‍ സി ജോര്‍ജ് പറഞ്ഞു.  പകരം നിയമിച്ചത് കേന്ദ്രസര്ക്കാര്‍ അഭിഭാഷകനായ ടി എ  ഉണ്ണിക്കൃഷ്ണനെ. താന്‍ തുടര്‍ന്നാല്‍ കേസില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും ഇത്  മനസ്സിലാക്കി, തന്നെ മാറ്റാന് രാഷ്ട്രീയതീരുമാനം എടുക്കുകയായിരുന്നുവെന്നും ഷൈന്‍ സി ജോര്‍ജ് ആരോപിച്ചു

എന്നാല്‍ ഷൈന്‍ സി ജോര്‍ജിനെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന്‍റെ വാദം. നിലവില്‍ മൂന്ന് കേന്ദ്ര ഏജന്‍സികള്‍ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നുണ്ട്. ചിലപ്പോള്‍  പരസ്പരം വൈരുദ്ധ്യമുള്ള കണ്ടെത്തലുകള്‍ക്ക് സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ എല്ലാ ഏജന്‍സികളുടെയും ഏകോപനം അസി സോളിസറ്റര്‍ ജനറലിനെ ഏല്പ്പിച്ചു. ഇതോടെ ,അദ്ദഹേത്തെ സഹായിക്കാന്‍ കേന്ദ്ര അഭിഭാഷകനെ തന്നെ നിയമിക്കേണ്ടി വന്നുവെന്നാണ് വിശദീകരണം.

click me!