
ദില്ലി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് (General Bipin Rawat) അടക്കം 14 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടത്തില്‍ (Coonoor Helicopter Crash) അട്ടിമറിയില്ലെന്ന് അന്വേഷണം റിപ്പോര്‍ട്ട്. അപകടത്തിന് കാരണം കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റം കാരണം കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. അപകടത്തിന് പിന്നില്‍ അട്ടിമറിയോ യന്ത്ര തകരാറോ അശ്രദ്ധയുമുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലാണ് വ്യോമസേന പുറത്തുവിട്ടിരിക്കുന്നത്.
കുനൂരിൽ ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെ പതിനാല് പേർ കൊല്ലപ്പെട്ട ദുരന്തം നടന്ന ഡിസംബർ എട്ടിന് തന്നെ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എയർമാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ മൂന്ന് സേനകളും ചേർന്നായിരുന്നു അന്വേഷണം. ഫ്ളൈറ്റ് ഡാറ്റ റെക്കോർഡറും കോക്പിറ്റ് വോയിസ് റെക്കോർഡറും സംഘന പരിശോധിച്ചു. ദുരന്തത്തിൻ്റെ ദൃക്സാക്ഷികളുമായും രക്ഷാപ്രവർത്തകരുമായും സംസാരിച്ചാണ് അന്വേഷണ സംഘം റിപ്പോർട്ട് തയ്യാറാക്കിയത്. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറും ഇല്ലായിരുന്നു. പൈലറ്റിന് ഹെലികോപ്റ്ററിനറെ പൂർണ്ണ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായിരുന്നു.
അത്തരം ഘട്ടങ്ങളിൽ ലാൻഡിംഗിന് ശ്രമിക്കുമ്പോൾ പൈലറ്റിന് കണക്കുകൂട്ടലിൽ പിഴവുണ്ടാകാം. അത്തരത്തിലുള്ള കൺട്രോൾഡ് ഫ്ളൈറ്റ് ഇൻടു ടെറയിൻ എന്നു വിളിക്കുന്ന പിഴവാകാം ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam