
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളി മോഷണ വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ. 2019ൽ അറ്റകുറ്റപ്പണിക്ക് കിട്ടിയത് ദ്വാരപാലക ശിൽപത്തിന്റെ ചെമ്പ് പൂശിയ പാളിയാണെന്നും സ്വർണം പൂശിയ പാളികൾ കമ്പനി സ്വീകരിക്കാറില്ലെന്നും സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. പ്രദീപ് കെ ബി ഏഷ്യാനെറ്റ് ന്യൂസിൽ വെളിപ്പെടുത്തി. സ്ഥാപനത്തിന്‍റെ പ്രോട്ടോക്കോൾ അനുസരിച്ച് ഒരിക്കൽ എന്തെങ്കിലും പ്ലേറ്റ് ചെയ്തതോ പൂശിയതോ ഗോൾഡ് ഡെപ്പോസിറ്റിന് വേണ്ടി സ്വീകരിക്കാറില്ല. 2019ൽ ലഭിച്ച ദ്വാരപാലക ശിൽപ്പം ചെമ്പ് പൂശിയതാണെന്ന് അഭിഭാഷകൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.
മറ്റൊരു പാർട്ടി ചെയ്ത വർക്ക് കൊണ്ടു വന്നാൽ അതിന്‍റെ ഉത്തരവാദിത്വം എടുക്കാൻ കമ്പനിക്ക് ബുദ്ധിമുട്ടാണ്. അതിനാൽ കമ്പനി തുടങ്ങിയ കാലം മുതൽ ബെയർ ബോഡി മാത്രമേ സ്വർണ്ണം പൂശാൻ സ്വീകരിക്കാറൊള്ളു. മാത്രമല്ല മെർക്കുറി ഉപയോഗിച്ച് തങ്കത്തെ നേർത്ത പാളികളായി ചെമ്പിൽ ഒട്ടിക്കുന്ന പ്രോസസ് ആണ്. കാലക്രമേണ അത് മൈഗ്രേറ്റ് ചെയ്യും. ഇത് വേർതിരിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പ്ലേറ്റ് ചെയ്ത ഒന്നിൽ സ്വർണ്ണം പൂശാൻ സ്വീകരിക്കാറില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
2018 ൽ സ്വീകരിച്ചത് ചെമ്പ് പൂശിയ പാളി തന്നെയാണ്. 2019ലാണ് സ്വർണ്ണം പൂശാൻ കൊണ്ടുവന്നത്, കൊണ്ടുവന്നപ്പോൾ 40 കിലോയിൽ അധികമായിരുന്നു വെയിറ്റ്, ഇതിലെ വാക്സ് അടക്കം ക്ലീൻ ചെയ്തപ്പോൾ അത് 38 കിലോയായി. ശബരിമലയിൽ നിന്നും എടുത്തത് സ്വർണ്ണം പൂശിയതാണോ എന്നത് അന്വേഷണത്തിലാണ്. അത് അന്വേഷണ സംഘം തീരുമാനിക്കട്ടേയെന്നും അഡ്വ. പ്രദീപ് പറഞ്ഞു. അതേസമയം തങ്ങൾക്ക് ലഭിച്ചത് ചെമ്പ് പാളികളാണെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സ്വർണ്ണപ്പാളി ഏറ്റുവാങ്ങിയ അനന്ത സുബ്രഹ്മണ്യവും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചെമ്പ് പാളികളില്‍ പിന്നീട് ചെന്നൈയിൽ കൊണ്ടുപോയി സ്വർണ്ണം പൂശുകയായിരുന്നുവെന്നും അനന്ത സുബ്രഹ്മണ്യം പറഞ്ഞു.