
ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണം ശക്തമായതോടെ നിലച്ച കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കും. ലോറികള്‍ എത്താത്തതായിരുന്നു നെല്ല് സംഭരണത്തെ പ്രതികൂലമായി ബാധിച്ചത്. എന്നാല്‍ ആലപ്പുഴയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മില്‍ ഉടമകളുമായി സംസാരിച്ചതായും നെല്ലുമായി ലോറികള്‍ക്ക് തടസമില്ലാതെ പോകാമെന്നും മന്ത്രി സുനിൽകുമാർ അറിയിച്ചു. നെല്ല് സംഭരണത്തിന് ഒരിടത്തും തടസമുണ്ടാകില്ല. മഴക്കാലത്തിന് മുന്നേ സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു.
പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ നിന്ന് നെല്ല് സംഭരിക്കാൻ ലോറികൾ എത്താതായതോടെ നെല്ല് സംഭരണം കുട്ടനാട്ടില്‍ നിലയ്ക്കുകയായിരുന്നു. നിരവധി പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് നെല്ല് കൂട്ടിയിട്ടിട്ടുണ്ട്. സപ്ലൈകോയുടെ മേൽനോട്ടത്തിലാണ് സ്വകാര്യ മില്ലുടകൾ നെല്ല് സംഭരിക്കുന്നത്. അതേസമയം അപ്പർ കുട്ടനാട്ടിൽ വിളവെടുപ്പ് തുടങ്ങി. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കൊയ്ത്തുത്സവമില്ലാതെയാണ് അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങിൽ ഇത്തവണ വിളവെടുപ്പ് ആരംഭിച്ചത്.
ചുമട്ടു കൂലി തീരുമാനിക്കാനുള്ള പാടശേഖര സമിതി യോഗവും ഇത്തവണ ഒഴിവാക്കി. തമിഴ്‍നാട്ടില്‍ നിന്ന് എത്തിച്ച 5 കൊയ്ത്ത് യന്ത്രങ്ങളാണ് അപ്പർ കുട്ടനാട്ടിൽ ഉൾപ്പെട്ട വേങ്ങൽ, വടവടി, പാണാകേരി, കൈപ്പുഴാക്ക പാടശേഖരങ്ങളിൽ കൊയ്ത്തിനിറങ്ങിയത്. വേനൽ മഴയാണ് കർഷകരെ കുഴപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam