എറണാകുളത്തെ കൊവിഡ് ബാധിതൻ സമ്പർക്കം പുലർത്തിയവരുടെ പട്ടികയായി; നാല് പേർക്ക് രോഗലക്ഷണം

By Web TeamFirst Published Mar 26, 2020, 1:23 PM IST
Highlights

കൊവിഡ് സ്ഥിരീകരിച്ച ആളോട് സമ്പർക്കം പുലർത്തിയ നാല് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടതോടെ ഇവരുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കൊച്ചി: എറണാകുളത്ത് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരുമായി സമ്പർക്കമുണ്ടായ മുഴുവൻ ആളുകളുടേയും വിവരം ശേഖരിച്ചതായി ജില്ലാ ഭരണകൂടം. ഫ്രാൻസിൽ നിന്ന് തിരികെ എത്തിയ യുവാക്കൾ ആരുമായും ബന്ധമില്ലാതെ മാതൃകാപരമായാണ് വീട്ടിൽ നീരിക്ഷണത്തിൽ കഴിഞ്ഞതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, വൈറസ് ബാധ സ്ഥിരീകരിച്ച 37 വയസുള്ള ടാക്സി ഡ്രൈവർ 36 പേരോടാണ് സമ്പർക്കം പുലർത്തിയത്. ഇവരുടെ പട്ടിക തയ്യാറാക്കി. ഇതിൽ നാല് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടതോടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദ്ദേശം ലംഘിച്ച് ലോക്ക് ഡൗണിന്റെ മൂന്നാം ദിനവും നിരവധി പേരാണ് ജില്ലയിലെ തെരുവുകളിലിറങ്ങിയത്. അനാവശ്യ യാത്ര നടത്തിയതിന് ഉച്ചവരെ 122 പേർ ജില്ലയിൽ അറസ്റ്റിലായി. എറണാകുളം സിറ്റിയിൽ 40 കേസുകളും ആലുവയിൽ 82 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായവരുടെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കർശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു.

ജില്ലാ ഭരണകൂടവുമായി ആലോചിച്ച് കൊച്ചി നഗരത്തിൽ തെരുവിൽ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടി പൊലീസ് സ്വീകരിക്കുമെന്ന് ഡിസിപി പൂങ്കുഴലി വ്യക്തമാക്കി. അതിനി‍ടെ, കൊവിഡ് 19 ന്റെ പേരിൽ വ്യാജ ചികിത്സയെന്ന് സമൂഹ മാധ്യമങ്ങൾ വഴി പ്രചരണം നടത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോഡ് മഞ്ചേശ്വരം സ്വദേശിയായ ആൾക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. 

click me!