കൊറോണയെ നേരിട്ട് കേരളം: വുഹാനിൽ നിന്നെത്തിയ 66 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരണം

By Web TeamFirst Published Feb 8, 2020, 7:34 PM IST
Highlights

വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 70 പേരില്‍ 66 പേരുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്നും ഒരാളുടെ ലഭിക്കാനുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.

തിരുവനന്തപുരം: ലോകത്ത് 24 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3144 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇവരില്‍ 3099 പേര്‍ വീടുകളിലും, 45 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 330 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 288 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളരുടെ ആരോഗ്യനില തൃപ്തകരമാണ്. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 70 പേരില്‍ 66 പേരുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്നും ഒരാളുടെ ലഭിക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാലകൊണ്ട് മൂടേണ്ടതും, ഇടയ്ക്കിടെ കൈകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. പൊതു ജനങ്ങള്‍ക്ക് സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ സജ്ജമാണ്.

ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും മറ്റ് ഇതര വകുപ്പ് ജീവനക്കാര്‍ക്കും വേണ്ട പത്തോളം പരിശീലന സഹായികള്‍ വിഡിയോ രൂപത്തില്‍ തയ്യാറാക്കി 'കേരള ഹെല്‍ത്ത് ഓണ്‍ലൈന്‍ ട്രെയിനിംഗ്' എന്ന ആരോഗ്യവകുപ്പിന്‍റെ യുട്യൂബ് ചാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (https://www.youtube.com/c/keralahealthonlinteraining). 

click me!