
തിരുവനന്തപുരം: കൊവിഡ് 19 ഭീതിയിൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിൽ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കേണ്ട സാഹചര്യമില്ല. കൊവിഡിന്റെ പേരിൽ അത്തരം കാര്യങ്ങൾ ഉണ്ടായാൽ പരിഭ്രാന്തി ഉണ്ടാകും. മുമ്പും ഇത്തരം സമീപനം സ്വീകരിച്ചിട്ടില്ല. ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിലും ഇതേ സമീപനമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊറോണ വൈറസ് ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംശയം ഉള്ളവരെ പ്രത്യേകം മാറ്റുന്നത് തന്നെ പര്യാപ്തമാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ ഉത്സവങ്ങളിൽ നിന്ന് സ്വയം മാറി നിൽക്കുക. ആറ്റുകാൽ പൊങ്കാലക്ക് മുന്നോടിയായി എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു. അതേസമയം, കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ തെലങ്കാന സംഘം ഇന്ന് കേരളം സന്ദർശിക്കും. വൈകീട്ട് കൺട്രോൾ റൂം മീറ്റിംഗിൽ സംഘം പങ്കെടുക്കും. കേരളം സജ്ജീകരിച്ച ആലപ്പുഴയിലെ ഐസൊലേഷൻ വാർഡും തെലങ്കാന സംഘം സന്ദർശിക്കും.
രാജ്യത്ത് 29 പേര്‍ക്ക് കൊവിഡ് 19 എന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഹോളി ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതി ഭവനും ഹോളിയാഘോഷം ഒഴിവാക്കിയിരുന്നു.