ദില്ലി: കൂടുതല്‍ പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയില്‍ രാജ്യം. 30 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 27 പേര്‍ ചികിത്സയിലുണ്ട്. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍ പ്രദേശ് ഗാസിയാബാദ് സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതലാളുകളെ കരുതല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. വിദേശങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധന കര്‍ശമാക്കി. ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗമില്ലെന്ന പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

കൂടുതല്‍ രോഗികളുള്ള രാജ്യതലസ്ഥാനത്തും മുന്‍കരുതല്‍ ശക്തമാക്കി. അടുത്ത 31 വരെ പ്രൈമറി സ്കൂളുകള്‍ക്ക് ദില്ലി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സിറോ മലബാര്‍ സഭ ഫരീദാബാദ് രൂപത കുര്‍ബാന സ്വീകരണത്തില്‍ ചില ക്രമീകരണങ്ങള്‍ വരുത്തി. കുര്‍ബാന ഇനിമുതല്‍ കയ്യില്‍ നല്‍കിയാല്‍ മതി. കുര്‍ബാന മധ്യേയുള്ള സമാധാന ആശംസ പരസ്പരം കൈകൂപ്പി നല്‍കിയാല്‍ മതിയെന്നും രൂപത അറിയിച്ചു. 

കലാപത്തിന് പിന്നാലെ കൊവിഡ്19 കൂടി എത്തിയതോടെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ് ദില്ലിയിലെ ജനങ്ങൾ. മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ സാമഗ്രികളുടെ ലഭ്യത കുറവും വ്യാപാരികൾ തോന്നിയ വില ഈടാക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. കലാപത്തിന്‍റെ ആഘാതത്തില്‍ നിന്ന് പതുക്കെ കരകയറുമ്പോഴാണ് ദില്ലിയുടെ ആശങ്കയായി കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കലപ ബാധിത മേഖലകളിലടക്കം പ്രതിരോധ സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതിരോധ മാസ്ക് പോലും ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എൻ 95 മാസ്കിന് ഏതാനും ദിവസം മുമ്പ് വരെ 150 രൂപയായിരുന്നു വില. ഇപ്പോൾ പല കച്ചവടക്കാരും 500 രൂപ വരെ ഈടാക്കിയാണ് ഇവ വില്‍ക്കുന്നത്. അണുനാശിനികളുൾപ്പടെയുള്ള മറ്റ് പ്രതിരോധമാർഗങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി.