കൊറോണ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചു: വിപുലമായ ജാഗ്രതയിലേക്ക് കേരളം

Web Desk   | Asianet News
Published : Feb 03, 2020, 08:43 PM ISTUpdated : Feb 03, 2020, 08:54 PM IST
കൊറോണ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചു: വിപുലമായ ജാഗ്രതയിലേക്ക് കേരളം

Synopsis

എല്ലാ ജില്ലകളിലേക്കും ചൈനയിൽ നിന്നുള്ളവർ തിരിച്ചുവരാനിടയുണ്ട്. ആദ്യത്തെ കേസുമായി സമ്പർക്കമുള്ളത് 84 പേർക്കാണ്. ഇതിൽ 40 പേർ തൃശ്ശൂരിൽ. ബാക്കിയുള്ളവർ പുറത്ത്. ഇതുപോലെ എല്ലാ ജില്ലകളിലും ജാഗ്രത വേണം, പരിഭ്രാന്തി പാടില്ല.

തിരുവനന്തപുരം: മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറന്‍റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ആദ്യം തൃശ്ശൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയുമായി സമ്പർക്കമുള്ളതായി കണ്ടെത്തിയത് 84 പേർക്കാണ്. ഇതിൽ 40 പേർ തൃശ്ശൂർ ജില്ലയിലും മറ്റുള്ളവർ ബാക്കി ജില്ലകളിലുമാണ്. ഇവരെയെല്ലാവരെയും വിശദമായി നിരീക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. 

എല്ലാ ജില്ലകളിലും ചൈനയിൽ നിന്നുള്ളവർ തിരികെ വരാനിടയുണ്ട്. വിവരശേഖരണം ജില്ലാടിസ്ഥാനത്തിൽ നടത്തിവരികയാണ്. സംസ്ഥാനത്തെമ്പാടും 2239 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 84 പേരാണ് ആശുപത്രിയിലുള്ളത്. 2155 പേർ വീടുകളിലും. 140 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 49 എണ്ണത്തിന്‍റെ ഫലം വന്നു. ഇതിലെ മൂന്ന് കേസുകളാണ് ഇപ്പോൾ പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്. 

ചിലർ വിവരം തരാതെ ഒഴിഞ്ഞുമാറുന്നതായി മനസ്സിലാക്കുന്നുണ്ടെന്നും, ക്വാറന്‍റൈൻ ചെയ്യാൻ വിസമ്മതിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. തീരെ അനുസരിച്ചില്ലെങ്കിൽ അത് കുറ്റകൃത്യമായിത്തന്നെ കണക്കാക്കുമെന്നും കെ കെ ശൈലജ മുന്നറിയിപ്പ് നൽകി. തൽക്കാലം ശിക്ഷാ നടപടി ആലോചിക്കുന്നില്ല. 

കൊറോണവൈറസ് ബാധ പടരുന്നത് കർശനമായി തടയാൻ റാപ്പിഡ് റെസ്പോൺസ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികൾ ഉണ്ടാക്കി. നിരീക്ഷണത്തിലുള്ളവർക്ക് കൗൺസിലിംഗിന് പ്രത്യേക കൗൺസിലിംഗ് സംഘത്തെ ഏർപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. 

28 ദിവസം നിരീക്ഷണമെന്ന് തീരുമാനിച്ചത് ആരോഗ്യവിദഗ്‍ധരുടെ നിർദേശപ്രകാരമാണ്. ആ കൃത്യം 28 ദിവസം തന്നെ ക്വാറന്‍റൈൻ ചട്ടങ്ങൾ പാലിച്ച് കഴിയണം. 14 ദിവസം മതിയെന്ന് ആരും കരുതരുത് - കെ കെ ശൈലജ ആവശ്യപ്പെട്ടു. 

തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇനി സ്വീകരിക്കേണ്ട നടപടികൾ തീരുമാനിച്ചു.

'രണ്ട് ഫലങ്ങളും പോസിറ്റീവ്, ചികിത്സ തുടരും'

ആദ്യം രോഗബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാർത്ഥിനിയുടെ സാമ്പിളുകൾ ഇന്ന് അയച്ചതും പോസിറ്റീവാണെന്ന് പരിശോധനാഫലം പുറത്തുവന്നു. ഇവരുടെ ചികിത്സ തുടരും. ഓരോ ദിവസം ഇടവിട്ട് സാമ്പിളുകൾ അയച്ചുകൊണ്ടേയിരിക്കും. നെഗറ്റീവ് എന്ന ഫലം വരുന്നത് വരെ സാമ്പിളുകൾ അയക്കുമെന്നും തൃശ്ശൂർ മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

തൃശ്ശൂരിൽ 166 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 24 പേർ ആശുപത്രിയിലുണ്ട്. പൂനെയിൽ നിന്ന് അഞ്ചും ആലപ്പുഴയിൽ നിന്ന് മുപ്പത്തിയഞ്ചും സാമ്പിൾ ഫലം വരാനുണ്ട്. അത് കിട്ടിയ ശേഷം തുടർചികിത്സ തീരുമാനിക്കും.

വ്യാജവാർത്ത പ്രചരിപ്പിച്ചതിന്‍റെ പേരിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തതായി തൃശ്ശൂർ പൊലീസ് അറിയിച്ചു. 

 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്