കൊറോണ വൈറസ്: ആരോഗ്യമന്ത്രി ആലപ്പുഴയിലേക്ക്, കളക്ട്രേറ്റില്‍ ഉന്നതതലയോഗം

By Web TeamFirst Published Feb 2, 2020, 2:05 PM IST
Highlights

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റിൽ ഉന്നതതല യോഗം ചേരും.

ആലപ്പുഴ: കേരളത്തില്‍ രണ്ടാമത്തെ രോഗിക്കും കൊറോണ വൈറസെന്ന സംശയത്തിന്‍റെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ആലപ്പുഴയിലേക്ക് തിരിച്ചു. കൊല്ലത്തെ രണ്ട് പൊതുപരിപാടികള്‍ റദ്ദാക്കിയാണ് ആരോഗ്യമന്ത്രി ആലപ്പുഴയിലേക്ക് തിരിച്ചത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റിൽ ഉന്നതതല യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ക്ക് ആലപ്പുഴ കളക്ടറേറ്റിലാണ് ഉന്നതതലയോഗം ചേരുന്നത്. ചൈനയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടിയാണ് കൊറോണ വൈറസ് ബാധിച്ചത്.എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി നല്‍കുന്ന വിശദീകരണം. 

രണ്ടാമത്തെ കൊറോണബാധ ആലപ്പുഴയിൽ, വുഹാനിലെ വിദ്യാർത്ഥി, പ്രാഥമിക നിഗമനം മാത്രമെന്ന് ആരോഗ്യമന്ത്രി

ചൈനയിലെ വുഹാൻ സർവകശാലയിലെ മെഡിക്കൽ വിദ്യാർത്ഥിയ്ക്കാണ്  വൈറസ് ബാധ സംശയിക്കുന്നത്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാർത്ഥിയുടെ സഹപാഠിയാണ് ഇദ്ദേഹം. 24നാണ് വിദ്യാർത്ഥി നാട്ടിൽ തിരിച്ചെത്തിയത്. പനിയെ തുടർന്ന് ആദ്യം നാട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് ജില്ലാആശുപത്രിയിലും ചികിത്സ തേടി. 30നാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നത്. വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. പുനെ വൈറോളജി ലാബിലെ പ്രാഥമിക പരിശോധനയിലാണ് വൈറസ് ബാധയുളളതായി സംശയം കണ്ടെത്തിയത്.

കുട്ടിയുടെ മാതാപിതാക്കളും അടുത്തബന്ധുക്കളും ആശുപത്രിയിലും വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രണ്ടാമത്തെ കേസ് കൂടി ഉണ്ടാകുമെന്ന നിഗമനത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കി. ആരോഗ്യവകുപ്പ് ഉന്നതഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. 1793പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 70 പേർ ആശുപത്രികളിലാണ്. പുനെ വൈറോളജി ലാബിലയച്ച 59 പേരുടെ രക്തസാന്പിളുകളിൽ  24 എണ്ണത്തിന്റെ ഫലമാണ് ഇതുവരെ കിട്ടിയത്. ആലപ്പുഴ വൈറോളജി ലാബിൽ പരിശോധന നടത്തുന്നതിനുളള സംവിധാനം നാളെയോടെ സജ്ജമാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

 

click me!