സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളോടെ 288 പേർ നിരീക്ഷണത്തിൽ, പരിഭ്രാന്തി അരുതെന്ന് മന്ത്രി

Web Desk   | Asianet News
Published : Jan 27, 2020, 07:26 PM ISTUpdated : Jan 27, 2020, 07:30 PM IST
സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളോടെ 288 പേർ നിരീക്ഷണത്തിൽ, പരിഭ്രാന്തി അരുതെന്ന് മന്ത്രി

Synopsis

രോഗലക്ഷണങ്ങളുള്ള എല്ലാവരും കർശനനിരീക്ഷണത്തിലാണെന്നും, പരിഭ്രാന്തി അരുതെന്നും, കേസുകളൊന്നും പോസിറ്റീവാകാനുള്ള സാധ്യത കാണുന്നില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. 

കണ്ണൂർ: കേരളത്തിൽ കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് 288 പേരെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രകടമായ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലുള്ള എട്ട് പേരിൽ ആറ് പേരുടെ റിസൾട്ട് വന്നിട്ടുണ്ടെന്നും ഇതിലൊന്നും പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ചികിത്സയിലുള്ള പെരുമ്പാവൂർ സ്വദേശിയും ഇതിൽ പെടും. 

ഇതിൽ രണ്ട് പേർക്ക് എച്ച്‍വൺ എൻവൺ പനിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇനി റിസൾട്ട് കിട്ടാനുള്ള രണ്ട് കേസുകളും പോസിറ്റീവാകാനുള്ള ലക്ഷണങ്ങൾ ഇപ്പോൾ പ്രകടിപ്പിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

ഏതെങ്കിലും കേസുകൾ കൊറോണ പോസിറ്റീവായാൽ നേരിടാനുള്ള ഉപകരണങ്ങൾ അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.  വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരെ കണ്ടെത്താൻ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. പ്രാദേശികമായി ആരോഗ്യപ്രവർത്തകരെ കൃത്യമായി വിവരമറിയിക്കണം. നിരന്തരമായി അവരുമായി സമ്പർക്കം പുലർത്തണം - മന്ത്രി പറഞ്ഞു.

കോറോണവൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായി കാണാൻ 28 ദിവസമെടുത്തേക്കുമെന്നതാണ് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം. ലക്ഷണങ്ങൾ കാണുന്നതിന് മുമ്പ് തന്നെ പടരാനും സാധ്യതയുണ്ട്. അതിനാൽ, പനി ബാധിച്ച നിലയിലുള്ള എല്ലാവരും കൃത്യമായി തൊട്ടടുത്തുള്ള പ്രധാന ആരോഗ്യകേന്ദ്രത്തിലെത്തിത്തന്നെ ചികിത്സ തേടണം - ആരോഗ്യമന്ത്രി പറഞ്ഞു. 

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലും മെഡിക്കൽ കോളജിലും ഒരുക്കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം കൊച്ചിയിൽ എത്തിയിരുന്നു.  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സംഘം  ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളിൽ  സംതൃപ്തി രേഖപ്പെടുത്തി.

കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽക്കൂടി പരിശോധനകൾ ഏർപ്പെടുത്തേണ്ടതാണെന്നും, ഇതിനായി ആവശ്യപ്പെടുമെന്നും കെ കെ ശൈലജ വ്യക്തമാക്കി. ചൈനയിലെ വുഹാൻ അടക്കമുള്ള വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് മലയാളികൾ അടക്കമുള്ളവരെ തിരികെ കൊണ്ടുവരേണ്ടതാണ്. അതിനായി നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. നോർക്ക വഴി അവർക്ക് ചികിത്സ കിട്ടുന്നുണ്ട് എന്ന കാര്യം കൃത്യമായ ഇടവേളകളിൽ ചൈനയിലെ ഇന്ത്യൻ എംബസിയുമായി സംസാരിച്ച് ഉറപ്പുവരുത്തുന്നുണ്ട്. ഇപ്പോൾ ലാബ് റിസൾട്ടിൽ നെഗറ്റീവാണെങ്കിലും നിരീക്ഷണം തുടരുമെന്നും കെ കെ ശൈലജ വ്യക്തമാക്കുന്നു.

നിരീക്ഷണം എങ്ങനെ?

ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്. 72 പേർ. ഇവരെല്ലാവരും വീടുകളിലാണ്.  

മലപ്പുറത്ത് ചൈനയിൽ നിന്ന് മടങ്ങിയെത്തിയയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കണ്ണൂരിൽ നിരീക്ഷണത്തിലുള്ളവരിൽ ഒരാളെ മടങ്ങിയെത്തി ഒരു മാസം പിന്നിട്ടതിനാൽ പട്ടികയിൽ നിന്നൊഴിവാക്കി.

വെള്ളിയാഴ്ച കൊൽക്കത്ത എയർപോർട്ട് വഴി പേരാവൂരിൽ മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ നാലു പേരും നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തി പ്രത്യേക പട്ടിക ആരോഗ്യവകുപ്പ് ജില്ലകളിൽ തയ്യാറാക്കുകയാണ്.  വിവരങ്ങൾ രേഖപ്പെടുത്തി ഇടപെടൽ എളുപ്പമാക്കുന്നതിനാണിത്.  ഇത്തരത്തിൽ മടങ്ങിയെത്തുന്നവർ പൊതു ഇടങ്ങളിൽ പോകാനോ ഇടപഴകാനോ പാടില്ലെന്ന നിർദേശം നൽകിയിട്ടുണ്ട്. 28 ദിവസത്തേക്കാണ് ഇവരെ നിരീക്ഷിക്കുക. ആരുടെയും നിലയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം വ്യക്തമാക്കുന്നു.  

കേന്ദ്രസംഘം കേരളത്തിൽ

ദില്ലി ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലെ ഡോ. പുഷ്‌പേന്ദ്ര കുമാർ വർമ,  ദില്ലി സഫ്ദർജംഗ് ആശുപത്രിയിലെ ഡോ. രമേശ്‌ ചന്ദ്ര മീണ, കോഴിക്കോട് നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഡോ. ഷൗക്കത്തലി എന്നിവരാണ് കേന്ദ്ര സംഘത്തിൽ ഉള്ളത്.   ഇവരോടൊപ്പം കോഴിക്കോട് നിന്നുള്ള ഡോ. ഹംസക്കോയ, ഡോ. റാഫേൽ ടെഡി എന്നിവരുമുണ്ട്. 

വിമാനത്താവളത്തിൽ പരിശോധന നടത്തിയ സംഘം 178 യാത്രക്കാരുടെ വിവരങ്ങളും പരിശോധിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കളമശ്ശേരി മെഡിക്കൽ കോളജിൽ ഏർപ്പെടുത്തിയ ഐസൊലേഷൻ വാർഡ് അടക്കമുള്ള സൗകര്യങ്ങളും പരിശോധിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം