കേരളത്തിൽ മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരണം: കാസര്‍കോട്ട് ചികിത്സയിൽ

By Web TeamFirst Published Feb 3, 2020, 12:18 PM IST
Highlights

കൊറോണ കേസുകൾ സംസ്ഥാനത്ത് ഇനിയും ഉയരാനിടയുണ്ടെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്.  തൃശൂരിലും ആലപ്പുഴയിലും കാസര്‍കോടും കൊറോണ സ്ഥിരീകരിച്ച കുട്ടികൾ വുഹാനിൽ ഒരുമിച്ച് പഠിച്ചിരുന്നവരാണ്

തിരുവനന്തപുരം: കേരളത്തിൽ മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് മാധ്യമങ്ങളെ അറിയിച്ചത്. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

തുടര്‍ന്ന് വായിക്കാം: കൊറോണ മുൻകരുതൽ: കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍... 

മെഡിക്കൽ കോളേജുകൾ അടക്കം ആശുപത്രികളിൽ ഐസൊലേഷൻ വാര്‍ഡുകൾ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ചൈനയിൽ നിന്ന് എത്തുന്നവരെ പ്രത്യേകിച്ചും രോഗ സാധ്യതയള്ളവരെ ആകെയും നിരീക്ഷിക്കാനും ബോവത്കരണ പരിപാടികൾ ഊര്‍ജ്ജിതമാക്കാനും ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്,. ഇന്നലെ മാത്രം 12 പേരെയാണ് നിരീക്ഷണത്തിന്‍റെ ഭാഗമായി ആശുപത്രിയിലാക്കിയത്. 

രോഗികളേയും രോഗ സാധ്യതയുള്ളവരെയും രോഗ സാധ്യതയുമായി അടുത്ത് ഇടപെട്ടവരേയും ഐസൊലേഷൻ വാര്‍ഡിലുള്ളവരെ പരിചരിക്കുകയും ഇവര്‍ക്കിടയിൽ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരേയും എല്ലാം കണക്കിലെടുത്ത് വലിയ ജാഗ്രതയും മുൻകരുതൽ നടപടികളുമാണ് ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തു നിന്ന് കൈക്കൊള്ളുന്നത്. 

ഒരു ആശങ്കക്കും സംസ്ഥാനത്ത് ഇടയില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ നിയമസഭയിലും ആവര്‍ത്തിച്ചു.നിലവിൽ ഒമ്പത് പേരാണ് കാസര്‍കോട് ജില്ലയിൽ മാത്രം നിരീക്ഷിണത്തിലുണ്ട്.  കൊറോണ കേസുകൾ സംസ്ഥാനത്ത് ഇനിയും ഉയരാനിടയുണ്ടെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്.  തൃശൂരിലും ആലപ്പുഴയിലും കാസര്‍കോടും കൊറോണ സ്ഥിരീകരിച്ച കുട്ടികൾ വുഹാനിൽ ഒരുമിച്ച് പഠിച്ചിരുന്നവരാണ് .

ചൈനയിൽ നിന്ന് തിരിച്ചെത്തിയ എല്ലാവരേയും അവരുമായി ഇടപെട്ടവരെയും എല്ലാം പ്രത്യേകം നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. 
 

click me!