
തിരുവനന്തപുരം: പട്ടിണികാരണം കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് നൽകിയ അമ്മക്ക് സഹായവുമായി നിരവധി പേർ രംഗത്ത്. കുഞ്ഞുങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ ഇന്ന് നഗരസഭ അമ്മക്ക് ജോലി നൽകും. ഇപ്പോൾ പൂജപ്പുര മഹിളാമന്ദിരത്തിലാണ് അമ്മയും രണ്ട് കൈക്കുഞ്ഞുങ്ങളുമുള്ളത്. മണ്ണ് തിന്ന് വിശപ്പടക്കുന്ന കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്ന അമ്മയുടെ ദൈന്യത ഉള്ളുപൊള്ളിയാണ് കേരളം കേട്ടത്. ഭർത്താവിൽ നിന്നും പീഡനമേറ്റും കുഞ്ഞുങ്ങളെ പോറ്റാനാകാതെയും നഗരത്തിലെ പുറമ്പോക്കിൽ എരിഞ്ഞ ഈ അമ്മയുടെ ജീവിതം ഈ വാർത്തക്ക് ശേഷം മാറുകയാണ്.
റേഷൻകാർഡോ,മറ്റ് സർക്കാർ രേഖകളോ ഇല്ലാത്ത കുടുംബത്തിന് കൊടിയ ദാരിദ്ര്യം കണക്കിലെടുത്ത് ഫ്ലാറ്റ് നൽകുമെന്നാണ് നഗരസഭാ വാഗ്ദാനം. ആറിൽ നാല് കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തുകഴിഞ്ഞു. രണ്ട് കൈകുഞ്ഞുങ്ങളെ അമ്മയെയും രാത്രിതന്നെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റി.ഇനി ഒപ്പമുണ്ടെന്ന് സർക്കാരും വ്യക്തമാക്കി കഴിഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ ഇന്ന് തന്നെ താല്‍ക്കാലിക ജോലി നൽകുമെന്നാണ് മേയറുടെ വാഗ്ദാനം.ഒപ്പം നിരവധി സഹായങ്ങൾ വാഗ്ദാനം ചെയ്ത് സംഘടനകളും വ്യക്തികളും രംഗത്തെത്തി കഴിഞ്ഞു.വാർത്ത പുറത്തുവന്നപ്പോൾ വന്ന ഇടപെടലുകൾക്കൊപ്പം തന്നെ സാമൂഹ്യരംഗത്ത് കേരളത്തിന്‍റെ മറ്റൊരുചിത്രം വെളിവാക്കുന്നതായിരുന്നു ഈ അമ്മയുടെ നോവും കുടുംബത്തിന്‍റെ പട്ടിണിയും.ഒരു കുടുംബത്തിൽ മാത്രം തീരുന്നതല്ല ഈ വേദനയെന്ന് ഇവരുടെ ചുറ്റുവട്ടം നോക്കിയാൽ തന്നെ വ്യക്തം.സർക്കാരിന്‍റെ ഒരു സാമൂഹ്യക്ഷേമ പദ്ധതികളിൽ പെടാത്ത പട്ടിണിപാവങ്ങളിലേക്ക് ശ്രദ്ധയെത്തിക്കുകയാണ് ഈ സംഭവം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam