'തന്‍റെ പേര് പറയാൻ പ്രേരിപ്പിച്ച് പലരും വിളിച്ചെന്ന് പറഞ്ഞത് നസീർ തന്നെ': പി ജയരാജൻ

By Web TeamFirst Published Jun 18, 2019, 10:22 PM IST
Highlights

രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച് നസീർ വധശ്രമ കേസിലെ വിവാദം അവസാനിപ്പിക്കാൻ സിപിഎം നടത്തിയ ശ്രമം പക്ഷേ പി ജയരാജന്‍റെ പ്രസംഗത്തോടെ പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്

കണ്ണൂർ: സിഒടി നസീർ വധശ്രമക്കേസിൽ തന്‍റെ പേര് പറയാൻ നസീറിനെ ചിലർ സ്വാധീനിച്ചെന്ന് പി ജയരാജൻ. ഇക്കാര്യം നസീർ തന്നെ തന്നോട് പറഞ്ഞതായും തലശ്ശേരിയിലെ വിശദീകരണ യോഗത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു. ക്വട്ടേഷൻ സംഘങ്ങളുടെ വളർച്ചയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇടതുപക്ഷ രാഷ്ട്രീയ മൂല്യം സംരക്ഷിക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്ററും യോഗത്തിൽ പറഞ്ഞു. 

സിഒടി നസീർ കേസിൽ തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമമെന്ന് എംഎൻ ഷംസീർ എംഎൽഎ പ്രതികരിച്ചു. രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച് നസീർ വധശ്രമ കേസിലെ വിവാദം അവസാനിപ്പിക്കാൻ സിപിഎം നടത്തിയ ശ്രമം പക്ഷേ പി ജയരാജന്‍റെ പ്രസംഗത്തോടെ പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്. 

"ആശുപത്രിയിൽ വെച്ച് മാത്രമല്ല, വീട്ടിൽ പോയും ഞാൻ നസീറിനെ കണ്ടിരുന്നു. അപ്പോൾ അയാൾ പറഞ്ഞത്, ജയരാജന്‍റെ പേരൊന്ന് പറഞ്ഞാൽ മതി കേന്ദ്രത്തിൽ നിന്ന് അടക്കം സഹായം എത്തിക്കാമെന്ന് പറഞ്ഞവർ വരെ ഉണ്ടെന്നായിരുന്നു" ജയരാജൻ പറഞ്ഞു. 

പി ജയരാജനെ കുടുക്കാൻ തലശ്ശേരി എംഎൽഎ എഎൻ ഷംസീർ ആസൂത്രണം ചെയ്തതാണ് വധശ്രമമെന്ന് സിഒടി നസീർ നേരത്തെ ആരോപിച്ചിരുന്നു. തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് ഷംസീറിന് വൈരാഗ്യമുണ്ടെന്ന് നസീർ ആരോപിച്ചിരുന്നു. തലശ്ശേരിയിലെ സ്റ്റേഡിയം നവീകരണത്തിൽ അപാകതയുള്ളതായി പി ജയരാജൻ വേദിയിൽ തുറന്ന് പറഞ്ഞതും ശ്രദ്ധേയമായി. 

അഴിമതിയെന്ന നിലയ്ക്കെല്ലെങ്കിലും സ്റ്റേഡിയം പുൽത്തകിടി നിർമാണത്തിൽ അപാകതകൾ ഉണ്ടായിരുന്നെന്ന് ജയരാജൻ വേദിയിൽ പറയുകയായിരുന്നു. പാർട്ടിയുടെ പേര് പറഞ്ഞുള്ള ക്വട്ടേഷൻ സംഘങ്ങളുടെ വളർച്ച പാർട്ടിക്ക് തലവേദനയാകുന്നെന്ന് കഴി‌‌‌‌ഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിൽ സിപിഎം വിലയിരുത്തിയിരുന്നു. 

ഇത് കൂടി കണക്കിലെടുത്ത് വ്യക്തമായ സന്ദേശം നൽകുന്നതായിരുന്നു എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസംഗം. സിപിഎമ്മിനെതിരെ സംഘടിതമായ നുണ പ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു,  നസീർ കേസിൽ വലിയ ആരോപണം ഉയർന്നിട്ടും ഇതുവരെ പ്രതികരിക്കാതിരുന്ന എഎൻ ഷംസീറിന്‍റെ വാദം.

click me!