
താനൂർ: ബോട്ടപകടത്തിൽ പെട്ട് ചികിത്സയിൽ ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും കൗൺസിലിംഗ് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ചികിത്സയിലുള്ളവരെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. രണ്ടു പേരാണ് നിലവിൽ വെന്റിലേറ്ററിൽ ഉള്ളത്. രണ്ടുപേരും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
അതേസമയം, ചികിത്സയിലുള്ള എല്ലാവരും അപകട നില തരണം ചെയ്തു. രക്ഷാപ്രവർത്തകർക്ക് എലിപ്പനി പ്രതിരോധ ഗുളിക നൽകുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ചികിത്സയിൽ ഉള്ളത് എട്ടു പേരാണ്. കോട്ടക്കൽ മിംസിൽ 6പേരും, തിരൂരങ്ങാടിയിലും കോഴിക്കോടും ഓരോരുത്തരുമാണ് ചികിത്സയിലുള്ളത്.
താനൂരിൽ അപകടത്തിൽപെട്ട ബോട്ട് ഫോറൻസിക് സംഘം പരിശോധിക്കുകയാണ്. പൊലീസ് അന്വേഷണത്തിൽ ഏറെ നിർണായകമാകുന്ന കാര്യങ്ങളായിരിക്കും ഈ ശാസ്ത്രീയ തെളിവുകൾ. ബോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്. ബോട്ടിന്റെ നിർമ്മാണം, ബോട്ടിന്റെ ആകൃതി, അതുപോലെ മുകളിൽ ആളുകൾക്ക് കയറി നിൽക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
ഇതൊക്കെയാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥാപിക്കുന്ന സമയത്ത്, അതിനെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക എന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതിന്റെ ഭാഗമായിട്ടാണ് ഫോറൻസിക് സംഘം ബോട്ടിൽ പരിശോധന നടത്തുന്നത്. ഏകദേശം മൂന്ന് മണിയോടെ തുടങ്ങിയ പരിശോധന പൂർത്തിയായിട്ടില്ല. വിവിധ ഭാഗങ്ങളിൽ നിന്ന് പരിശോധന നടത്തുകയും വിവിധ സാമ്പിളുകൾ ശേഖരിക്കുന്ന ദൗത്യമാണ് ഇപ്പോൾ ഫോറൻസിക് സംഘം തുടരുന്നത്.
താനൂർ ബോട്ട് അപകടം: 'ബോട്ട് തലകീഴായി മറിഞ്ഞു, അപകടം കരയിൽ നിന്ന് 300 മീറ്റർ അകലെ'; രക്ഷപ്പെട്ടയാൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam