
തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ സുപ്രധാന കണ്ടെത്തൽ. ആറംഗ അക്രമി സംഘത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. അക്രമം നടന്ന പതിനാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമല്ലെങ്കിലും, ഈ ദൃശ്യങ്ങളുപയോഗിച്ച് പ്രതികളിലേക്ക് എത്താൻ കഴിഞ്ഞേക്കുമെന്നാണ് പൊലീസ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലിൽ ദേശീയ പാതയിൽ വെച്ച് സെക്കൻഡ് ഷോ സിനിമ കാണാൻ പോയ യുവ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവമുണ്ടായത്. സിനിമ കഴിഞ്ഞ് വരുന്നതിനിടെ ബൈക്കുകളിൽ പിന്തുടർന്നെത്തിയ ആറ് അംഗ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. തിരുവനന്തരം മുരുക്കുംപുഴ സ്വദേശി അനീഷിനും, ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത്. അക്രമി സംഘം യുവതിയെ കമൻ്റടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഭർത്താവ് ഈ പ്രവർത്തി ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യംചെയ്യൽ ഇഷ്ടപ്പെടാതിരുന്ന അക്രമി സംഘത്തിലെ ഒരാൾ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ യുവതിയെ ചവിട്ടി. തുടർന്ന് അക്രമികൾ ഇവരുവരും സഞ്ചരിച്ച ബൈക്കിന് കുറുകെ വാഹനം നിർത്തി ഇരുവരെയും മർദ്ദിച്ചു. ആക്രമണത്തിന് ശേഷം സംഘം ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു. ഇരുവരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam