
പ്രണയസന്ദേശങ്ങളയക്കുന്ന സമയത്ത് രഹസ്യ കോഡുകൾ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. രണ്ട് പേർക്ക് മാത്രം മനസ്സിലാകുന്ന കോഡുകൾ. മറ്റാർക്ക് ആ കത്ത് കിട്ടിയാലും ഒന്നും വായിച്ചെടുക്കാൻ കഴിയില്ല. അത്തരത്തിൽ പ്രണയ കാലത്ത് രാജഭാഷ ഉപയോഗിച്ച് കത്തുകൾ കൈമാറിയ ഒരു ദമ്പതികളെ പരിചയപ്പെടാം. കൊല്ലം കടക്കൽ സ്വദേശികളായ അനിത് സൂര്യയും ശാന്തി സത്യനും. തിരുവിതാംകൂർ രാജാക്കൻമാർ ഉപയോഗിച്ചിരുന്ന മൂലഭദ്രി എന്ന ഭാഷ ഉപയോഗിച്ചായിരുന്നു ഇവർ പ്രണയം കൈമാറിയിരുന്നത്.
'ശാന്തി എന്റെ സ്റ്റുഡന്റായിരുന്നു. അവിടെ വച്ചാണ് ഞാൻ ശാന്തിയെ പരിചയപ്പെടുന്നത്. അന്ന് സ്മാർട്ട് ഫോണൊന്നും വ്യാപകമായിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലും എഴുതി കൊടുത്താലും മറ്റുള്ളവർ വായിക്കും. അതു കൊണ്ട് മറ്റൊരു ഭാഷയെക്കുറിച്ച് ആലോചിച്ചപ്പോൾ എനിക്ക് പെട്ടെന്ന് കിട്ടിയത് തിരുവിതാംകൂറിലെ രാജാക്കൻമാരുടെ കാലത്ത് ഉപയോഗിച്ചിരുന്ന മൂലഭദ്രി എന്ന ഭാഷയാണ്. ഫോണിൽ വിളിക്കുമ്പോളും കത്തെഴുതുമ്പോളും ഈ ഭാഷ തന്നെ ഉപയോഗിച്ചു.' അനിത് പറയുന്നു. ഈ ഭാഷ പഠിക്കാൻ വളരെ എളുപ്പമാണ്. ഒരക്ഷരത്തിന് പകരം മറ്റൊരു അക്ഷരം ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യാൻ ഇത്തരം ഭാഷ കൂടിയേ തീരൂ എന്ന സാഹചര്യത്തിലൂടെയാണ് ഇവരുടെ പ്രണയ ദിനങ്ങൾ കടന്നുപോയത്. സംസാരിക്കാൻ മൂലഭദ്രി ഉപയോഗിക്കുകയും എഴുത്തു ഭാഷയായി മറ്റൊരു ഭാഷയും കൂടി കണ്ടെത്തിയിരുന്നു. ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക്സ് ലിപിയിൽ ഇംഗ്ലീഷ് ലെറ്ററിന് പകരം ഓരോ സിംബൽസ് ആണ് ഉപയോഗിച്ചിരുന്നത്. അതുപോലെ ഓരോ ലെറ്ററിന് പകരം ഞങ്ങൾ തന്നെ ഒരു സിംബലുണ്ടാക്കി. അതുവെച്ചാണ് കത്തയച്ചിരുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള ഒരു വിവാഹമായിരുന്നു. ഇപ്പോൾ 13 വർഷമായി. സന്തോഷമായി പോകുന്നു. മൂന്നു മക്കളാണുള്ളത്. മൂത്തയാൾ എട്ടുവയസ്സുകാരി യാമി മൂന്നാം ക്ലാസിൽ പഠിക്കുന്നു. ഇരട്ടക്കുട്ടികളായ യാനിയും യാൻവിയും.