
കൊല്ലം: കരുനാഗപ്പള്ളിയിൽ ദമ്പതിമാരെ വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കല്ലേലിഭാഗം സ്വദേശി സാബു, ഭാര്യ ഷീജ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
രാവിലെ ഒൻപത് മണിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്. ശരീരത്തിൽ വൈദ്യുതി കേബിൾ ചുറ്റിയ നിലയിലായിരുന്നു. ഇരു കൈകളിലെയും വിരലുകൾ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഷീജ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും സാബു വീടിന് സമീപത്ത് വ്യാപാര സ്ഥാപനം നടത്തി വരികയുമായിരുന്നു. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
സാമ്പത്തിക പ്രതിസന്ധി മൂലം വീട് വിറ്റ ശേഷം ബന്ധുവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പോലീസും ഫോറൻസിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പത്തനംതിട്ട: സ്രത്രീകളെ ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എസ് അഭിലാഷിനെതിരെയാണ് നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് പെൺകുട്ടികളുടെ നന്പരെടുത്താണ് പൊലീസുകാരൻ അശ്ലീല സന്ദേശം അയച്ചത്.
കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധ്കർ മഹാജന്റെ നടപടി. കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാന്പത്തിക ക്രമക്കേട് കേസിലെ പ്രതിയുടെ ഫോണാണ് പൊലീസുകരാൻ ദുരുപയോഗം ചെയ്തത്. പ്രതിയുടെ ഫോൺ പരിശോധിക്കുന്നതിനിടയിലാണ് പൊലീസുകരാൻ അയാളുടെ സ്വകാര്യ വാട്സആപ്പ് സന്ദേശങ്ങളും പെൺസുഹൃത്ത് അയച്ച ഫോട്ടോസും ദൃശ്യങ്ങളും സ്വന്തം ഫോണിലേക്ക് മാറ്റിയത്.
ഈ ഫോട്ടോസും ദൃശ്യങ്ങളും യുവതിക്ക് അയച്ചു കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയതു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ ഫോണിൽ നിന്ന് പൊലീസുകാരൻ യുവതിയെ വീഡിയോ കോൾ വിളിക്കുകയും ചെയ്തു. മറ്റ് ചില സ്ത്രീകളോടും സമാന രീതിയിൽ പൊലീസ്കാരൻ പെരുമാറിയെന്നും പരാതിയിലുണ്ട്