
തിരുവനന്തപുരം: ശമ്പളത്തിന് പകരം കൂപ്പൺ വേണ്ടെന്ന് കെഎസ്ആര്‍ടിസിയിലെ സിഐടിയു അടക്കമുള്ള മുഴുവൻ സംഘടനകളും. കൂപ്പൺ ആവശ്യമുള്ള ജീവനക്കാരുടെ കണക്കെടുത്ത ശേഷം വിതരണം മതിയെന്നാണ് കെഎസ്ആർടിസി നിലപാട്. തിങ്കളാഴ്ച മുഖ്യമന്ത്രി നടത്തുന്ന ചർച്ചയോടെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് ഗതാഗതമന്ത്രി പ്രതികരിച്ചു. ആ ചർച്ചയിലും തീരുമാനയില്ലെങ്കിൽ ഓണത്തിന് സമരം കടുപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. ഇതിനിടെ ചെയ്‍ത ജോലിക്ക് കുടുംബാംഗങ്ങൾക്കൊപ്പം സമരം നടത്തേണ്ടി വരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അവസ്ഥ സങ്കടകരമാണെന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചു. ഓണം കണ്ണിരിലാക്കാതെ ഉടൻ ശമ്പളം നൽകണമെന്നും വി ഡി സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
നാടെങ്ങും ഓണാഘോഷത്തിലേക്ക് മാറുമ്പോൾ കെഎസ്ആര്‍ടിസി ജീവനക്കാരുടേയും കുടുംബങ്ങളുടേയും കണ്ണീർ മാറുന്നില്ല. ഓണമടുത്തിട്ടും ചെയ്ത ജോലിക്ക് ഇനിയും ശമ്പളം കിട്ടുമോ എന്ന ഒരുറപ്പുമില്ല. കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു കൊല്ലം ഡിപ്പോയിലെ ജീവനക്കാരുടെ പ്രതിഷേധം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് അടിയന്തിര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്കുള്ള ജൂലൈ ആഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 6 ന് മുൻപ് നൽകണമെന്നും ഇതിനായി സർക്കാർ 50 കോടി രൂപ അടിയന്തരമായി നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശമ്പളത്തിന്‍റെ മൂന്നിലൊന്ന് ഭാഗമാണ് ആദ്യഘട്ടം നൽകേണ്ടത്.
ബാക്കി തുക കൂപ്പണുകളും വൗച്ചറുകളുമായി നൽകാനും ഹൈക്കോടതി നിർദേശിച്ചു. കൂപ്പണും വൗച്ചറുകളും ആവശ്യമില്ലാത്തവർക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം കുടിശികയായി നിലനിർത്തുമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ, മാവേലി സ്റ്റോർ, കൺസ്യൂമർഫെഡ് ഉൾപ്പടെ സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളുടെ കൂപ്പണുകളാണ് നൽകേണ്ടത്.