മഹാരാജാസിലെ അഭിമന്യു സ്മാരകം; നിർമ്മാണത്തിന് അനുമതി നൽകിയിട്ടുണ്ടോ എന്ന് സർക്കാരിനോട് കോടതി

By Web TeamFirst Published Jul 3, 2019, 5:13 PM IST
Highlights

പത്ത് ദിവസത്തിനകം രേഖാമൂലം നിലപാട് അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. സർക്കാർ മൂന്നാഴ്ച സമയം തേടിയെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുവദിച്ചില്ല.  
 

കൊച്ചി: മഹാരാജാസ് കോളേജിൽ അഭിമന്യുവിന്‍റെ സ്മാരകം നിർമ്മിക്കാൻ സർക്കാരോ കോളേജ് പ്രിൻസിപ്പലോ അനുമതി നൽകിയിട്ടുണ്ടോ എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം. പത്ത് ദിവസത്തിനകം രേഖാമൂലം നിലപാട് അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. സർക്കാർ മൂന്നാഴ്ച സമയം തേടിയെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുവദിച്ചില്ല.

സർക്കാർ ഭൂമിയിൽ നിർമ്മാണത്തിന് അനുമതി നിർബന്ധമാണെന്ന വാദത്തിനിടെയാണ് കോടതിയുടെ പരാമർശം. സർക്കാർ ഭൂമിയിൽ ഇത്തരത്തിൽ ഒരു സ്മാരകത്തിന് അനുമതി നൽകിയാൽ ഭാവിയിൽ മറ്റ് സ്മാരകങ്ങൾക്കും അനുമതി നൽകേണ്ടി വരുമെന്നായിരുന്നു ഹർജിക്കാരുടെ വാദം. അരിവാളും നക്ഷത്രവും സ്തൂപത്തിലുണ്ടെന്നും സ്തൂപം നിർമ്മിച്ച് ക്യാമ്പസിൽ അധീശത്വം നിലനിർത്താനാണ് ശ്രമമെന്നും ഹർജിക്കാർ ആരോപിച്ചു.

സ്മാരക അനാച്ഛാദനം തടയണമെന്നാവശ്യപ്പെട്ടുള്ള കെഎസ്‍യുവിന്‍റെ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. അനുമതി ഇല്ലാതെയാണ് സ്മാരക നിർമ്മാണം നടക്കുന്നതെന്ന് കോളേജ് അധികൃതരും വിശദീകരിച്ചിരുന്നു. 
 

click me!