കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ പ്രചാരണത്തിൽ പൊലീസ് കേസെടുത്തു. ഷാനിമോൾ ഉസ്മാൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെതിരായ സോഷ്യൽ മീഡിയ പ്രചാരണത്തിൽ കേസെടുത്ത് പൊലീസ്. പ്രചാരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് കേസ്. ഷാനിമോൾ കോണ്‍ഗ്രസ് വിടുമെന്ന് കമ്യൂണിസ്റ്റ് കേരള , ജോൺ ബ്രിട്ടാസ് ഫാൻസ് എന്നീ സമൂഹ മാധ്യമ പേജുകളിലൂടെ ആയിരുന്നു പ്രചാരണം. ഷാനിമോൾ ഉസ്മാൻ ജില്ലാ പൊലീസ് മോധാവിക്ക് നൽകിയ പരാതിയിലാണ് സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചിത്രം അനുവാദമില്ലാതെ ദുരുപയോഗിച്ചെന്നും പരാതിയിലുണ്ടായിരുന്നു.

ഷാനിമോൾ കോൺ​ഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിച്ചത്. ചില വ്യക്തികളുടെ പേരിലുള്ള പ്രൊഫൈലുകളും പോസ്റ്റ്‌ ഷെയർ ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്ന് കോൺ​ഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഷാനിമോൾ ഉസ്മാന്റെ പിതാവ് മരിച്ചത്. മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് വിടുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കർശന നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് ഷാനിമോൾ ഉസ്മാന്റെ പ്രതികരണം. അപമാനകരമായ പോസ്റ്റാണതെന്നും ഒരടിസ്ഥാനവുമില്ലെന്നും ഷാനിമോള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. മരണം വരെ കോൺഗ്രസ്‌ ആയിരിക്കുമെന്ന് വ്യക്തമാക്കിയ ഷാനിമോൾ സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും വിമർശിച്ചു.