Latest Videos

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം; പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

By Web TeamFirst Published Apr 18, 2024, 11:21 AM IST
Highlights

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്.

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഹർജി. അൻവറിന്റെ ആരോപണത്തിൽ പൊതു പ്രവർത്തകൻ ഹാഫിസ് ആയിരുന്നു ഹർജി നൽകിയത്. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. 

സിൽവർ ലൈൻ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോൺഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ നിയമസഭയിൽ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമായിരുന്നുവെന്നും പറഞ്ഞ അൻവര്‍ എംഎൽഎ, കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടാത്ത സ്ഥിതി ഈ പ്രദേശങ്ങളിൽ ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയതിനാലാണ് ഐ.ടി കമ്പനിക്കാര്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നല്‍കിയെന്നാണ് പി വി അൻവർ ആരോപിച്ചത്.
 

click me!