മരട് കേസ്: ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജിന്റെ അറസ്റ്റ് നാളെ വൈകിട്ട് വരെ തടഞ്ഞു

By Web TeamFirst Published Oct 17, 2019, 2:39 PM IST
Highlights
  • ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജിനെ നാളെ വൈകിട്ട് വരെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി
  • മുൻകൂർ ജാമ്യാപേക്ഷ 22ന് പരി​ഗണിക്കും
  • ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള ചുമതല ക്രൈം ബ്രാഞ്ചിന്

കൊച്ചി: മരടിലെ ഫ്ലാറ്റ് നിർമാണ കമ്പനിയായ ആൽഫ വെഞ്ചേഴ്സ് ഉടമ പോൾ രാജിന്‍റെ അറസ്റ്റ് നാളെ വൈകിട്ട് വരെ കോടതി തടഞ്ഞു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. നാളെ  ജസ്റ്റിസ് കെ. ബാലകൃഷ്ണൻ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകാൻ നിർദ്ദേശം ഉണ്ടെന്ന് പോൾ രാജ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് തടഞ്ഞത്.

പോൾ രാജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നതും മാറ്റിയിട്ടുണ്ട്.  22 നാകും  ജാമ്യപേക്ഷയിൽ വിധി പറയുക. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് അറസ്റ്റ് ഭയന്നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റിക്ക് മുമ്പാകെ വിവരങ്ങൾ കൈമാറിയിട്ടുണ്ടന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

നാല് ഫ്ലാറ്റ് നിർമാതാക്കളുടെയും സ്വത്ത്‌ കണ്ടുകെട്ടാനുള്ള ചുമതല ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അതേസമയം, മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടികൾ തുടങ്ങി. ആൽഫ വെ‌ഞ്ചേഴ്സിന്‍റെ ഇരട്ടകെട്ടിടങ്ങളിൽ ഒന്ന് പൊളിക്കുന്നതിനുള്ള നടപടികൾ ആണ് ഇന്ന് തുടങ്ങിയത്. രാവിലെ 25 ഓളം തൊഴിലാഴികൾ എത്തി പൊളിക്കലിന് മുന്നോടിയായുള്ള ആയുധ പൂജ നടത്തി.  നഗരസഭ കൗൺസിലിന്‍റെ എതിർപ്പ് തുടരുന്നതിനിടെയാണ് ഇന്നലെ രണ്ട് കെട്ടിടം സബ്ളക്ടർ പൊളിക്കാൻ തിരഞ്ഞെടുത്ത കമ്പനികൾക്ക് കൈമാറിയത്.

Read Also: മരടിലെ ഫ്ളാറ്റ് പൊളിക്കാന്‍ നടപടി തുടങ്ങി: തൊഴിലാളികള്‍ പരിശോധന നടത്തി

അതിനിടെ, ന​ഗരസഭ കൗൺസിൽ അറിയാതെയാണ് ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതെന്ന് ആരോപിച്ചുകൊണ്ട് കൗൺസിൽ യോ​ഗത്തിൽ ബഹളമുണ്ടായി. എന്നാൽ, ആൽഫാ വെഞ്ചേഴ്‌സിൽ നടന്നത് പൊളിക്കലിനെ കുറിച്ചുള്ള  പഠനത്തിന് മുന്നോടിയായുള്ള പൂജയാണെന്നായിരുന്നു ന​ഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്റെ പ്രതികരണം.

നേരത്തെ മരട് കേസിൽ ഫ്ലാറ്റ് നിർമാതാവ് സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷ്റഫ്, പി ഇ ജോസഫ് എന്നിവരെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

Read More: മരട് കേസ് ; ഫ്ലാറ്റ് നിര്‍മ്മാതാവ് ഉള്‍പ്പടെ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു

click me!