പില്ലറുകൾ മാത്രം നിലനിർത്തി കൊണ്ട് പരാമാവധി കെട്ടിടത്തിനെ സപ്പോർട്ട് ചെയ്തിരിക്കുന്ന ഭാ​ഗങ്ങൾ മുഴുവൻ ഇടിച്ച് കളയുന്ന നടപടികളാകും ആദ്യഘട്ടമായി നടത്തുന്നത്. 

കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടികൾ തുടങ്ങി. ആൽഫ വെ‌ഞ്ചേഴ്സിന്‍റെ ഇരട്ടകെട്ടിടങ്ങളിൽ ഒന്ന് പൊളിക്കുന്നതിനുള്ള നടപടികൾ ആണ് ഇന്ന് തുടങ്ങിയത്. വിജയ സ്റ്റീൽ എന്ന കമ്പനി ആണ് ആൽഫാ വെഞ്ചേഴ്‌സിന്റെ കെട്ടിടം പൊളിക്കുന്നത്. ഇതുവരെ രണ്ട് ഫ്ലാറ്റുകളാണ് പൊളിക്കാനായി കമ്പനികൾക്ക് കൈമാറിയിട്ടുള്ളത്. 

രാവിലെ 25 ഓളം തൊഴിലാഴികൾ എത്തി പൊളിക്കലിന് മുന്നോടിയായി ആയുധ പൂജ നടത്തി. നഗരസഭ കൗൺസിലിന്‍റെ എതിർപ്പ് തുടരുന്നതിനിടെയാണ് ഇന്നലെ രണ്ട് കെട്ടിടം സബ്ളക്ടർ പൊളിക്കാൻ തിരഞ്ഞെടുത്ത കമ്പനികൾക്ക് കൈമാറിയത്.

ജെയിൻ കോറൽ കോവിന്റെ കെട്ടിടം എഡിഫൈസ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിക്കും, ആൽഫാ വെഞ്ചേഴ്‌സിന്റെ ഇരട്ടകെട്ടിടത്തിൽ ഒരു കെട്ടിടം വിജയ സ്റ്റീൽ കമ്പനിക്കുമാണ് പൊളിക്കുന്നതിന് വേണ്ടി കൈമാറിയത്. ഇതിന് പുറകെയാണ് ഇന്ന് വിജയ സ്റ്റീലിന്‍റെ തൊഴിലാളികൾ ആൽഫാ വെഞ്ചേഴ്‌സിന്റെ കെട്ടിടത്തിൽ എത്തുകയും പൊളിക്കലിന് മുന്നോടിയായുള്ള പൂജ ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുകയും ചെയ്തത്.

പില്ലറുകൾ മാത്രം നിലനിർത്തി കൊണ്ട് പരാമാവധി കെട്ടിടത്തിനെ സപ്പോർട്ട് ചെയ്തിരിക്കുന്ന ഭാ​ഗങ്ങൾ മുഴുവൻ ഇടിച്ച് കളയുന്ന നടപടികളാകും ആദ്യഘട്ടമായി നടത്തുന്നത്. ഇതിന് ശേഷം കെട്ടിടത്തിന്റെ താഴേത്തട്ട് മുതൽ മുകളിലോക്ക് സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന ജോലികൾ നടത്തുക. ഏതാണ്ട് അറുപതോളം ദിവസത്തെ പ്രവൃത്തി ഇതിനായിവേണ്ടി വരും എന്നാണ് കുതുന്നത്.

ആൽഫാ വെഞ്ചേഴ്‌സിന്റെ ഇരട്ടക്കെട്ടിടങ്ങൾ പതിനാറ് നിലകളുള്ള കെട്ടിടമാണ്. ഇതിൽ ഒരു കെട്ടിടത്തിന്റെ അഞ്ച് നിലകൾ വരെയാകും സ്ഫോടക വസ്തുക്കൾ നിറയ്ക്കുക. എല്ലാ കെട്ടിടങ്ങളും നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ തന്നെയാണ് ധാരണ ആയിട്ടുള്ളത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സുപ്രീംകോടതി നിർദ്ദേശ പ്രകാരം വലിയ പാർപ്പിട സമുച്ചയങ്ങൾ പൊളിച്ചു മാറ്റുന്നത്.

ചുമതല ക്രൈംബ്രാഞ്ചിന് 

അതിനിടെ, നാല് ഫ്ലാറ്റ് നിർമ്മാതാക്കളുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള ചുമതല ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കി. സ്വത്തുക്കൾ കണ്ടുകെട്ടൽ ചുമതല ആര് നിർവഹിക്കുമെന്നുള്ളത് സംബന്ധിച്ച് ആശയക്കുഴപ്പം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നാല് ഫ്ലാറ്റ് നിർമാതാക്കളുടെയും സ്വത്ത്‌ കണ്ടുകെട്ടാനുള്ള ചുമതല ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നിലവിൽ കേസിന്റെ അന്വേഷണവും ക്രൈംബ്രാഞ്ച് തന്നെയാണ് നടത്തുന്നത്. 

Read Also: മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടും, ഹോളി ഫെയ്‍ത്തിന്‍റെ 18 കോടി മരവിപ്പിച്ചു

കൗൺസിൽ യോ​ഗത്തിൽ ബഹളം

ന​ഗരസഭ കൗൺസിൽ അറിയാതെ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്ന് ആരോപിച്ചുകൊണ്ട് കൗൺസിൽ യോ​ഗത്തിൽ ബഹളമുണ്ടായി. എന്നാൽ, ആൽഫാ വെഞ്ചേഴ്‌സിൽ നടന്നത് പൊളിക്കലിനെ കുറിച്ചുള്ള പഠനത്തിന് മുന്നോടിയായുള്ള പൂജയാണെന്ന് ന​ഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ യോ​ഗത്തിൽ അറിയിച്ചു. പ്രതിപക്ഷ അം​ഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സബ്കളക്ടർ എത്തി കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കുമ്പോൾ സമീപവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടു. പൊളിക്കൽ സംബന്ധിച്ചും സുരക്ഷാ പ്രശ്നങ്ങളെ കുറിച്ചും കൃത്യമായ പഠനം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.