വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ അടക്കമുള്ളവരെ കോടതി വെറുതെ വിട്ടു

By Web TeamFirst Published Oct 14, 2021, 8:14 AM IST
Highlights

പ്രതികള്‍ക്ക് എതിരെ പൊലീസിന് ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും  കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. 

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തിയ കേസിൽ സിപിഎം (cpm) നേതാവ് സക്കീർ ഹുസൈൻ (zakir hussain)  അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടു. പരാതിക്കാരൻ അടക്കം ആറ് സാക്ഷികളും കൂറ് മാറിയ കേസിൽ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് നടപടി. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. കളമശ്ശേരി ഏരിയാ മുൻ സെക്രട്ടറി സക്കീർ ഹുസൈൻ, മുൻ ഡിവൈഎഫ്ഐ നേതാവ് കറുകപ്പള്ളി സിദ്ദിഖ്, തമ്മനം ഫൈസൽ, കാക്കനാട്ടെ വ്യവസായ സംരഭക ഷീല തോമസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 

തട്ടിക്കൊണ്ട് പോകല്‍, തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തൽ അടക്കമുള്ള ഗുരുതര കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയതെങ്കിലും കേസ് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. മാത്രമല്ല കേസിന്‍റെ വിചാരണഘട്ടത്തിൽ പരാതിക്കാരൻ ജൂബി പൗലോസ് അടക്കം ആറ് സാക്ഷികളും കൂറുമാറി. ഇതോടെയാണ് കേസ് അട്ടിമറിക്കപ്പെട്ടത്. 2016 ഒക്ടോബർ 22 നാണ് യുവ വ്യവസായി ജൂബി പൗലോസ്  സിപിഎം ഏരിയാ സെക്രട്ടറിയ്ക്ക് എതിരെ പരാതിയുമായി പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. ഒന്നര വർഷം മുമ്പ് തന്നെ സക്കീർ ഹുസൈനിന്‍റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി പാർട്ടി ഓഫീസിൽ വെച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. 

വലിയ രാഷ്ട്രീയ കോലാഹലത്തിന് കാരണമായ വെളിപ്പെടുത്തലിന് പിറകെ സക്കീർ ഹുസൈൻ ഒളിവിൽപോയി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിറകെ കേസിൽ പാർട്ടി നേതൃത്വം സക്കീർ ഹുസൈനോട് കീഴടങ്ങാൻ നിർദ്ദേശിച്ചു. 2016 നവംബർ 17 നായിരുന്നു പൊലീസില്‍ സക്കീർ കീഴടങ്ങിയത്. സക്കീർ ജയിലിലായതോടെ പാർട്ടി സക്കീറിനെ പുറത്താക്കി. എന്നാൽ പിന്നീട് അന്വഷണ കമ്മീഷൻ സക്കീർ ഹുസൈൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ പാർട്ടിയിലേക്ക് തിരിച്ചുവന്നു. എന്നാൽ അനധികൃത സ്വത്ത് സമ്പാദനത്തില്‍ വീണ്ടും സക്കീർ പാർട്ടിക്ക് പുറത്തായി. ഈ കേസിലും പാർട്ടി കമ്മീഷൻ സക്കീറിനെ കുറ്റമുക്തമാക്കി. നിലവിൽ ബ്രാ‌ഞ്ച് കമ്മിറ്റി അംഗമാണ് സക്കീർ ഹുസൈന്‍.

click me!