
കണ്ണൂർ: സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ (P Jayarajan) വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ വച്ചു നടന്ന വധശ്രമ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികളായ പന്ത്രണ്ട് പേരും മുസ്ലീം ലീഗ് (Muslim League) പ്രവർത്തകരാണ്. കേസിൽ വിചാരണ നടത്തിയ കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെയെല്ലാം വെറുതെ വിട്ടത്.
സിപിഎം കണ്ണൂർ (Kannur CPIM) ജില്ലാ സെക്രട്ടറിയായിരുന്ന അക്രമം നടക്കുമ്പോൾ പി.ജയരാജൻ. പ്രായപൂർത്തിയാവാത്ത ഒരാളടക്കം 12 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. മുസ്ലീംലീഗിൻ്റെ ശക്തികേന്ദ്രമായ അരിയിൽ പ്രദേശത്തൂടെ ജയരാജൻ കടന്നു പോകുമ്പോൾ ആണ് കാറിന് നേരെ ആക്രമണമുണ്ടായത്. അരിയിൽ ഷുക്കൂർ കൊല്ലപ്പെടാൻ കാരണമായ അക്രമസംഭവം എന്ന നിലയിലാണ് ഈ കേസ് കൂടുതലായി മാധ്യമശ്രദ്ധ നേടിയത്. വാളും കല്ലും ഉപയോഗിച്ച് ജയരാജൻ സഞ്ചരിച്ച കാർ ആക്രമിച്ച മുസ്ലീം ലീഗ് പ്രവർത്തകർ അദ്ദേഹത്തെ കൊല്ലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ സിപിഎം പ്രവർത്തകർ ഈ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരേ പിടികൂടുകയും അടുത്തുള്ള വയലിൽ എത്തിച്ച് വിചാരണ നടത്തിയ ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. പി.ജയരാജൻ നേരിട്ട രണ്ടാമത്തെ വധശ്രമമായിരുന്നു ഇത്. 1999-ൽ ആർഎസ്എസ് പ്രവർത്തകർ നടത്തിയ വധശ്രമത്തിൽ ജയരാജൻ കഷ്ടിച്ചാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam