
മലപ്പുറം: കരിപ്പൂരില്‍ കനത്ത മഴയില്‍ (Heavy Rain) വീട് തകര്‍ന്ന് മരിച്ച രണ്ട് കുട്ടികള്‍ (KIds Died)അമ്മയുടെ വീട്ടിൽ വിരുന്നിനു വന്നവർ. ഒരു നാടിനെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് ഈ സംഭവം. തൊട്ടയൽപക്കത്തെ വീടിന്റെ മതിൽ കുഞ്ഞുങ്ങൾ ഉറങ്ങിക്കിടന്ന റൂമിന് മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പള്ളിക്കൽ പഞ്ചായത്ത് പതിമൂന്നാം വാർഡ് കാടപ്പടിക്കു സമീപം മാതാംകുളം മുണ്ടോട്ടപ്പുറം ചോനാരി മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ്‌വാന (8 , റിന്‍സാന (7 മാസം) എന്നിവരാണ് മരിച്ചത്. പതിറ്റാണ്ടുകൾ പഴക്കമുള്ള വീടിനു മുകളിലേക്കാണ് മതിൽ മറിഞ്ഞുവീണത്. മുഹമ്മദ് കുട്ടിയുടെ മകളായ സുമയ്യയുടെ കുട്ടികളായിരുന്നു ഇവർ. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് നാടിനൊകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്.
അയൽപക്കത്തെ വീടിന്റെ മതിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. വീട്ടിലുള്ള മുതിർന്നവർ പുലർച്ചെ പ്രഭാത പ്രാർഥനക്കും മറ്റുമായി നേരത്തെ എഴുന്നേറ്റതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിൽ മുഹമ്മദ് കുട്ടിയുടെ വീട് താമസിക്കാൻ പറ്റാത്ത വിധം തകർന്നിട്ടുണ്ട്. വീട്ടിലുള്ളവരുടെ കൂട്ട നിലവിളി കേട്ടെത്തിയ സമീപവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടന്‍ തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ.