'വക്കീലുണ്ടോ' എന്ന് കോടതി, അറിയില്ലെന്ന് ജോളി; ആളൂരല്ലാതെ വേറെ അഭിഭാഷകനെ നല്‍കി കോടതി

By Web TeamFirst Published Oct 21, 2019, 3:34 PM IST
Highlights

സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആറ് ദിവസത്തേക്ക് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമ സഹായം നല്‍കി കോടതി. സിലി വധക്കേസില്‍ താമരശ്ശേരി ബാറിലെ അഭിഭാഷകൻ കെ ഹൈദര്‍ ജോളിക്ക് വേണ്ടി ഹാജരാകും. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജോളിയെ ഹാജരാക്കിയപ്പോള്‍ വക്കീലിനെ വെച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. അറിയില്ലെന്ന് ജോളി പറഞ്ഞതോടെ കോടതി സൗജന്യ നിയമ സഹായം നല്‍കുകയായിരുന്നു. സിലി വധക്കേസില്‍ മാത്രമാണ് അഭിഭാഷകനെ നിയമിച്ചത്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആറ് ദിവസത്തേക്ക് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പത്തുദിവസത്തെ കസ്റ്റഡി ആയിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. 

സിലിയുടെ മരണത്തിന് കാരണക്കാരെ കണ്ടെത്തണം. സിലിയുടെ സ്വര്‍ണ്ണം പ്രതിക്ക് നല്‍കിയിരുന്നു, അത് തരിച്ചെടുക്കണം. സിലിയെ കൊല്ലാന്‍ ഉപയോഗിച്ച വിഷവസ്തു കണ്ടെത്തണം. കട്ടപ്പനയിലും കോയമ്പത്തൂരിലും ജോളിയെ കൊണ്ടുപോകണം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജോളിയുടെ കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റൊരു കേസിൽ 10 ദിവസം പോലീസ് കസ്റ്റഡി കഴിഞ്ഞതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. അതേസമയം മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ വേണമെന്ന് ജോളി കോടതിയില്‍ ആവശ്യപ്പെട്ടു. 

ജോളിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയിൽ ചിത്രീകരിക്കും. ഷാജുവിന്‍റെ ആദ്യഭാര്യ സിലിയെ ദന്താശുപത്രിക്ക്  സമീപത്ത് വച്ച് സയനൈഡ് നല്‍കി ജോളി കൊലപ്പെടുത്തിയെന്നാണ് മൊഴി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളിൽ ആരെല്ലാം സഹായിച്ചു, ആർക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്.

click me!