കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമിനും വഫക്കും കുറ്റപത്രം കൈമാറി

By Web TeamFirst Published Feb 24, 2020, 1:02 PM IST
Highlights

പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കുറ്റപത്രം കൈമാറി. ഇരുവരും നേരിട്ട് ഹാജരാകാത്തതിനാൽ അഭിഭാഷകരാണ് കുറ്റപത്രം വാങ്ങിയത്. കേസ് ഏപ്രിൽ 16 ലേക്ക് മാറ്റിവച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്.

പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീറിന്റെ മരണം സംഭവിച്ചത്.

കേസില്‍  ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് രണ്ടാം പ്രതി. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

click me!