കസ്റ്റഡി കൊലപാതകം; എസ്‍പിയുടെയും ഡിവൈഎസ്‍പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് കോടതി

By Web TeamFirst Published Jul 26, 2019, 8:21 AM IST
Highlights

എസ്‍പിയും ഡിവൈഎസ്പിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് ഒന്നാം പ്രതി എസ്ഐ സാബു പറഞ്ഞിരുന്നു. 

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ മുൻ ഇടുക്കി എസ്പിയുടെയും ഡിവൈഎസ്പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് കോടതി. കേസിലെ ഒന്നും നാലും പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ തളളിക്കൊണ്ടാണ് എസ്പി അടക്കമുളളവരെ ചോദ്യം ചെയ്യണമെന്ന് തൊടുപുഴ ജില്ലാ സെഷൻസ് കോടതി  അന്വേഷണസംഘത്തോട് നിർദേശിച്ചിരിക്കുന്നത്..

എസ്‍പിയും ഡിവൈഎസ്പിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് ഒന്നാം പ്രതി എസ്ഐ സാബു പറഞ്ഞിരുന്നു. എസ്ഐയുടെ ആരോപണം അന്വേഷിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. എസ്ഐ സാബുവിനും  സിപിഒ സജീവ് ആന്‍റണിക്കും ജാമ്യം നല്‍കാത്തത് കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്ന സാഹചര്യത്തിലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 ജില്ലാ സെഷൻസ് കോടതി ജാമ്യം തളളിയ സാഹചര്യത്തിൽ അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് റിമാൻഡിൽ കഴിയുന്ന പ്രതികളുടെ നീക്കം. ഇതിനിടെ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ അടുത്ത രണ്ട് ദിവസത്തിനുളളിൽ മരിച്ച രാജ്‍കുമാറിന്‍റെ റീ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നാണ് വിവരം. ഇതിനായുളള ഔദ്യോഗിക നടപടിക്രമങ്ങൾ തുടരുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അറിയിച്ചു. 

click me!