
കൊച്ചി: വശശ്രമക്കേസില്‍ ഹൈക്കോടതി വിധി തിരിച്ചടിയായതോടെ ലക്ഷദ്വീപ് എംപി സ്ഥാനത്തുനിന്നും മുഹമ്മദ് ഫൈസല്‍ അയോഗ്യനാക്കപ്പെട്ടേക്കും. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ പത്തുവർഷത്തെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ശിക്ഷാവിധിക്ക് സ്റ്റേ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എംപി സ്ഥാനത്തുനിന്ന് മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെടുമെന്ന് നിയമവിദഗ്ധർ സൂചിപ്പിക്കുന്നത്.
മുഹമ്മദ് ഫൈസൽ എം പി അടക്കം നാലുപേരെയായിരുന്നു വധശ്രമക്കേസിൽ കവരത്തി കോടതി നേരത്തെ പത്തുവർഷം ശിക്ഷിച്ചത്. ലോക്സഭാംഗമായിരിക്കെ രണ്ടുവർഷത്തിനുമുകളിൽ ശിക്ഷിക്കപ്പെട്ടാൽ അയോഗ്യനാക്കപ്പെടുമെന്നാണ് ചട്ടം. ഉത്തരവിനെതിരെ ശിക്ഷക്കപ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിച്ചു. കവരത്തി കോടതിയുടെ ഉത്തരവും ശിക്ഷ നടപ്പാക്കുന്നതും ഹൈക്കോടതി സിംഗിൾ ബെഞ്ചും മാസങ്ങൾക്ക് മുന്പ് സ്റ്റേ ചെയ്തിരുന്നു. ലക്ഷദ്വീപ് എം പി അയോഗ്യനാക്കപ്പെടുകയും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരികയും ചെയ്താൽ ഖജനാവിനുണ്ടാകുന്ന സാന്പത്തിക ഭാരത്തെക്കുറിച്ചും സ്റ്റേ ഉത്തരവിൽ പരാമർശിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുനപരിശോധിക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടർന്നാണ് ജസ്റ്റിസ് നഗരേഷിന്‍റെ ബെഞ്ച് അപ്പീലിൽ വീണ്ടും വാദം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവനുസരിച്ച് പത്തുവർഷത്തെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. എന്നാൽ, കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവിന് സ്റ്റേ ഇല്ല. അതായത് മുഹമ്മദ് ഫൈസൽ അടക്കമുളള പ്രതികൾ തൽക്കാലം ജയിലിൽ പോകേണ്ടെങ്കിലും കുറ്റക്കാരായി തുടരും. ഈ ഉത്തരവോടെയാണ് എം പി സ്ഥാനത്തുനിന്ന മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെട്ടെന്നാണ് നിയമവിദഗ്ധർ പറയുന്നത്. രണ്ടുവർഷത്തിനുമുകളിൽ ശിക്ഷ കിട്ടുന്ന കുറ്റം ചെയ്തെന്ന കീഴ്ക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ അയോഗ്യത ബാധകമാണെന്നാണ് പക്ഷം. ഹൈക്കോടതി ഉത്തരവിന്‍റെ പൂർണ പകർപ്പ് പുറത്തുവന്നാലേ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുകയുള്ളു. അയോഗ്യനാക്കപ്പെട്ടാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് മുഹമ്മദ് ഫൈസലിന്‍റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam