
മലപ്പുറം: കെ അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വിശദീകരണത്തിന് പിന്നാലെ മുസ്ലീംലീഗിനെ പരിഹസിച്ച് കെടി ജലീല്‍. ലീഗുകാര്‍ അവരവരുടെ വീട്ടിലെ കാര്യം നോക്കണമെന്നും സ്വന്തം ഭാര്യമാരും പെണ്‍മക്കളും തലയില്‍ തട്ടമിട്ടാണോ നടക്കുന്നതെന്ന് ആത്മപരിശോധന നടത്തണമെന്നും ജലീല്‍ പരിഹസിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തി ലീഗില്‍ നിന്ന് പോകുന്നവര്‍ വിശ്വാസ പരിസരത്ത് നിന്നല്ല പോകുന്നത്. മുസ്ലിംലീഗിന്റെ കപടവിശ്വാസ പരിസരത്തു നിന്നാണെന്നും ജലീല്‍ പറഞ്ഞു.
കെടി ജലീലിന്റെ കുറിപ്പ്: ''തട്ടബോംബ്' ചീറ്റിപ്പോയി! എല്ലാ കാര്യത്തിലും വ്യക്തവും ശക്തവുമായ നിലപാടുള്ള പാര്‍ട്ടിയാണ് സി.പി.ഐ.(എം). അതുകൊണ്ടാണ് ഞാനടക്കമുള്ള ലക്ഷോപലക്ഷം വിശ്വാസികള്‍ സി.പി.ഐ.എമ്മിനെ ഇഷ്ടപ്പെടുന്നത്. 'വസ്ത്രം, ഭക്ഷണം, വിശ്വാസം ഇതൊക്കെ ഓരോരുത്തരുടെയും ജനാധിപത്യ അവകാശമാണ്. അവനവന് ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാം. തട്ടമിടലും ഇടാതിരിക്കലും ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. തട്ടമിടീക്കാനും തട്ടമൂരിപ്പിക്കാനും സി.പി.ഐ (എം) ഇല്ല'. ഇതാണ് ഗോവിന്ദന്‍ മാസ്റ്ററുടെ വാക്കുകളുടെ രത്‌നച്ചുരുക്കം.ലീഗുകാര്‍ അവരവരുടെ വീട്ടിലെ കാര്യം നോക്കുക. സ്വന്തം ഭാര്യമാരും പെണ്‍മക്കളും തലയില്‍ തട്ടമിട്ടാണോ നടക്കുന്നത് എന്ന് ആത്മപരിശോധന നടത്തുക. ലീഗിന്റെ ആജ്ഞാനുവര്‍ത്തികളായ പണ്ഡിതര്‍ ലീഗ് നേതാക്കളെയാണ് ആദ്യം 'ദീന്‍' അഥവാ മതം പഠിപ്പിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ലീഗിന്റെ സെക്രട്ടേറിയേറ്റ് മെമ്പര്‍മാരുടെ ഭാര്യമാരും പെണ്‍മക്കളും 'ഇസ്ലാമിക വേഷം' ധരിക്കുന്നവരാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തി ലീഗില്‍ നിന്ന് പോകുന്നവര്‍ വിശ്വാസപരിസരത്ത് നിന്നല്ല പോകുന്നത്. മുസ്ലിംലീഗിന്റെ 'കപടവിശ്വാസ' പരിസരത്തു നിന്നാണ്. വസ്സലാം - ലാല്‍സലാം.''
അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാട് അല്ലെന്നാണ് എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്. അനില്‍കുമാറിന്റെ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. 'വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. അതിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യമില്ലെന്നതാണ് പാര്‍ട്ടി നിലപാട്. അതുകൊണ്ട് വസ്ത്രം ധരിക്കുന്നവര്‍ പ്രത്യേക വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാന്‍ പാടുകയുള്ളുവെന്ന് നിര്‍ദേശിക്കാനോ വിമര്‍ശിക്കാനോ ആരും ആഗ്രഹിക്കുന്നതല്ല. അത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അനില്‍കുമാറിന്റെ പ്രസ്താവനയിലെ ആ ഭാഗം പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതില്ലെന്നാണ് നിലപാട്'-എം.വി ഗോവിന്ദന്‍ പറഞ്ഞു. സെക്രട്ടറിയുടെ പ്രതികരണത്തിന് പിന്നാലെ, പാര്‍ട്ടി നിലപാട് താന്‍ ഉയര്‍ത്തി പിടിക്കുമെന്ന് അനില്‍ കുമാര്‍ പറഞ്ഞു. പാര്‍ട്ടി ചൂണ്ടിക്കാണിച്ചത് കമ്മ്യൂണിസ്റ്റുകാരനായി ഏറ്റെടുക്കുമെന്ന് അനില്‍ കുമാര്‍ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam